'എല്ലാവരുടെയും വിശ്വാസം നമുക്ക് നേടണം'; അടുത്ത 100  ദിവസം  പുതിയ ഊർജത്തോടെ  പ്രവർത്തിക്കണമെന്ന് മോദി

Sunday 18 February 2024 2:54 PM IST

ന്യൂഡൽഹി: അടുത്ത 100 ദിവസം പുതിയ ഊർജത്തോടെ പ്രവർത്തിക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയ ശേഷം നടപ്പിലാക്കിയ പദ്ധതിയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. നാമെല്ലാവരും ഓരോ പുതിയ വോട്ടർമാരിലേക്കും ഓരോ ഗുണഭോക്താക്കളിലേക്കും എല്ലാ സമൂഹത്തിലേക്കും എത്തിച്ചേരേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.

'ബിജെപി പ്രവർത്തകർ സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവർ രാവും പകലും അതിനായി ഓടുകയാണ്. ഇവിടെ സന്നിഹിതരായ എല്ലാ പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ഇനിയുള്ള അടുത്ത 100 ദിവസങ്ങൾ പുതിയ ഊർജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കുക. എല്ലാവരുടെയും വിശ്വാസം നമുക്ക് നേടണം. കഴിഞ്ഞ 10വർഷത്തിനുള്ളിൽ ഇന്ത്യ കെെവരിച്ച വികസനത്തെക്കുറിച്ചാണ് ലോകം സംസാരിക്കുന്നത്. എല്ലാ മേഖലയിലും ഉയരങ്ങൾ കെെവരിക്കാൻ കഴിഞ്ഞു. ഇത് ഒരു ചെറിയ കാര്യമല്ല. ഇത് നമ്മുടെ സ്വപ്നമാണ്. ഇനിയുള്ള വികസനത്തിന് മുൻപത്തെക്കാൾ പലമടങ്ങ് വേഗത്തിൽ പ്രവർത്തിക്കണം'. - പ്രധാനമന്ത്രി പറഞ്ഞു.