വേനൽച്ചൂടിൽ മൃഗപരിപാലനം പ്രതിസന്ധി... അരുമകളെ കാക്കാം പൊന്നുപോലെ

Monday 19 February 2024 12:26 AM IST

കോട്ടയം : സംസ്ഥാനത്ത് വേനൽച്ചൂടിന്റെ തീവ്രതയിൽ മുൻപന്തിയിലുള്ള ജില്ലയിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും വാടിത്തളരുകയാണ്.

ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാൽ കരുതൽ വേണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് പുറത്ത് മേയാൻ വിടുന്നവയെയാണ്. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗത്തിൽ ചൂടാകും. ഒപ്പം ശ്വസന നിരക്കും വർദ്ധിക്കും. ചൂട് കനക്കുന്നതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറയും. ഒരു പശു നിലവിൽ ചുരത്തുന്ന പാലിന്റെ അളവിൽ നിന്ന് ഒന്ന് മുതൽ രണ്ട് ലിറ്റർ വരെ കുറയും. പൂച്ച, നായ്ക്കൾ, പക്ഷികൾ തുടങ്ങിയവയുടെ പരിപാലനവും ശ്രദ്ധിക്കണം. തീറ്റ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം.

എരുമകൾക്ക് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒരുക്കുന്നതും ഉചിതമാമാണ്. പന്നികൾക്ക് എപ്പോഴും ശുദ്ധമായ കുടിവെള്ളം നൽകണം.

കരുതിയിരിക്കണം സൂര്യാഘാതത്തെ

മൃഗങ്ങൾക്ക് തളർച്ച, ഭക്ഷണം വേണ്ടാത്ത അവസ്ഥ, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന് ശാസ്വോച്ഛാസവും പൊള്ളിയ പാടുകളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വെറ്ററിനറി ഹോസ്പിറ്റലിൽ വിദഗ്ദ്ധ ചികിത്സ തേടണം. ചൂട് കൂടിയതോടെ മനുഷ്യരും ശരീര പരിചരണം തുടങ്ങി. വെയിലിന്റെ ആഘാതമേൽക്കാതിരിക്കാൻ ശരീരത്തിൽ പുരട്ടുന്ന സൺസ്ക്രീന് ഡിമാൻഡ് കൂടി. അഞ്ഞൂറ് മുതലാണ് വിലയെങ്കിലും വില്പന കൂടുതലാണെന്ന് മെഡിക്കൽ സ്റ്റോറുടമകൾ പറയുന്നു.

പരിചരണം പശുക്കൾക്ക്

ആവശ്യത്തിന് പച്ചവെള്ളം നൽകുക
പരമാവധി പച്ചപ്പുല്ല് നൽകുക
രാവിലെ 10 ന് ശേഷം തുറസായ സ്ഥലത്തേക്ക് വിടരുത്
തൊഴുത്തിൽ കാറ്റ് കയറാനുള്ള സംവിധാനം വേണം
ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ച് തണുപ്പിക്കണം

കാലിത്തീറ്റ രാവിലെയും വൈകിട്ടുമാക്കുക

കോഴികളെ ചൂടിൽ നിന്ന് തടുക്കാൻ

തണുത്ത വെള്ളം ലഭ്യമാക്കണം. രാവിലെയും വൈകിട്ടും തറവിരി ഇളക്കി ഇടണം. വൈറ്റമിൻ സി , ഇലക്ട്രോളൈറ്റ്‌സ് പ്രോബയോട്ടിക്‌സ് എന്നിവ കുടിവെള്ളത്തിൽ നൽകുന്നത് ചൂട് കുറക്കാൻ സഹായിക്കും. മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക് നനച്ച് ഇടണം.

ഇന്നലെ ചൂട് : 36.6 ഡിഗ്രി

Advertisement
Advertisement