ഡെങ്കിപ്പനി ഭീതിയിൽ അഞ്ചുതെങ്ങ്

Monday 19 February 2024 3:06 AM IST

കടയ്ക്കാവൂർ: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാവുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലയിൽ ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. ഡിസംബർ,ജനുവരി മാസത്തിലാണ് തീരമേഖലയിൽ നിന്ന് ആദ്യമായി അഞ്ചുതെങ്ങ് സി.എച്ച്.സിയിൽ ഡെങ്കി സ്ഥിരീകരിച്ചത്.പ്രദേശത്തെ യുവാവിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ നാൾ മുതൽ നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നതിൽ രോഗികളുടെ ബന്ധപ്പെട്ടവർ കാട്ടിയ അനാസ്ഥയാണ് നിലവിൽ സ്ഥിതി വഷളാവാൻ കാരണമെന്നാണ് സൂചന.സമീപത്തെ സ്വകാര്യ ആശുപത്രികളിലും ദിനംപ്രതിയെത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനയാണുള്ളത്.

അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ആശാവർക്കർമാരെയും പ്രയോജനപ്പെടുത്തിയിട്ടുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ സാധാരണയായി നടന്നുവരാറുള്ള കൂട്ടായ ഉറവിട നശീകരണ ബോധവത്കരണ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. 2017-18 കാലയളവിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്ന് പിടിച്ചിരുന്നു. അന്ന് മരണം പോലും റിപ്പോർട്ട്‌ ചെയ്തു.

ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു

 കൃത്യമായ കണക്കുകളില്ല

ആദ്യഘട്ടത്തിൽ 7,6,10,12,13 തുടങ്ങിയ വാർഡുകളിൽ നിന്ന് കേസുകൾ റിപ്പോർട്ട്‌ ചെയ്ത് തുടങ്ങുകയും തുടർന്നുള്ള ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഡെങ്കിക്കേസുകൾ റിപ്പോർട്ട്‌ ചെയ്യുകയുമായിരുന്നു. നിലവിൽ എത്ര പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല. വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ മേഖലകളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പോകുന്ന രോഗികളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ സി.എച്ച്.സിയ്ക്ക് ലഭ്യമാകാത്തത് മേഖലയിലെ രോഗബാധിതരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

അവഗണിക്കല്ലേ, ലക്ഷണങ്ങൾ

1) പെട്ടെന്നുണ്ടാകുന്ന പനി

2) ശക്തമായ തലവേദന

3) ശക്തമായ ശരീരവേദന

4) കണ്ണിന്റെ പിൻഭാഗത്ത് വേദന. പ്രത്യേകിച്ച് കണ്ണ് ചലിപ്പിക്കുമ്പോൾ

5) വെളിച്ചത്ത് നോക്കാൻ ബുദ്ധിമുട്ട്

6) ചർമത്തിൽ ചുവന്ന പാടുകൾ

പ്രതിരോധം

കൊതുകിനെ പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക.കൊതുകുവല ഉപയോഗിക്കുക.രോഗം ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്ന് ഡെങ്കി മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Advertisement
Advertisement