വോട്ട് രാഷ്ട്രീയ നേട്ടത്തിനല്ല, രാഷ്ട്രത്തിനു വേണ്ടി: മോദി

Monday 19 February 2024 12:00 AM IST

ന്യൂഡൽഹി : അധികാരം ആസ്വദിക്കാനോ രാഷ്ട്രീയ നേട്ടത്തിനോ അല്ല, രാഷ്ട്രത്തിനുവേണ്ടിയാണ് മൂന്നാം പ്രാവശ്യവും ഭരണം ചോദിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രണ്ടുദിവസമായി ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പാർട്ടി ദേശീയ കൺവെൻഷനിലെ സമാപനചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രരായ കുട്ടികളുടെ ഭാവിക്കുവേണ്ടിയാണ് താൻ ജീവിക്കുന്നത്. സ്വന്തം വീടിനെ കുറിച്ചാണ് ചിന്തിച്ചിരിക്കുന്നതെങ്കിൽ കോടിക്കണക്കിന് ആൾക്കാർക്ക് വീട് നിർമ്മിക്കാൻ കഴിയുമായിരുന്നില്ല. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാക്കിയതും മോദി പരാമർശിച്ചു. 2036ൽ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിലാണ് ഭാരതമെന്നും സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞ മോദി ഓർമ്മപ്പെടുത്തി.

370 സീറ്റെന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിന് അടുത്ത 100 ദിവസം നിർണായകമെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ച മോദി മൂന്നാമതും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം ആവർത്തിച്ചു. അടുത്ത 100 ദിവസം കരുത്തുറ്റ വിജയം ഉറപ്പാക്കുന്ന തരത്തിൽ പ്രവർത്തകർ നവോന്മേഷത്തോടെ പ്രവർത്തിക്കണം. എൻ.ഡി.എയ്ക്ക് 400 സീറ്റ് നേടണമെങ്കിൽ ബി.ജെ.പി ഒറ്റയ്ക്ക് 370 സീറ്റ് പിടിക്കണം. അതിന് ഓരോ വോട്ടറിലേക്കും, മോദി സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളിലേക്കും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും പ്രവർത്തകർ എത്തണം. ഇക്കാര്യം ദൗത്യമായി ഏറ്റെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

 സ്ത്രീ ക്ഷേമം മുഖ്യം

''വനിതകളുടെ അന്തസിനെക്കുറിച്ച് ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ പ്രധാനമന്ത്രിയാണ് ഞാൻ. അടുത്ത അഞ്ചു വർഷം സുപ്രധാനമാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. സ്ത്രീകൾ, കർഷകർ, യുവജനത എന്നിവരുടെ ശക്തിയെ സംയോജിപ്പിച്ചാണ് വികസിത രാജ്യം സാദ്ധ്യമാക്കുക. അവരുടെ സ്വപ്നങ്ങളാണ് എന്റെയും സ്വപ്നം."" വരുംകാലങ്ങളിൽ രാജ്യത്തെ അമ്മമാർക്കും, സഹോദരിമാർക്കും പെൺമക്കൾക്കും ധാരാളം അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

 കോൺഗ്രസിന് കുത്ത്

കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. അവരിലെ ഒരു വിഭാഗം മോദിക്കെതിരെ ആരോപണമുന്നയിക്കണമെന്ന് പറയുന്നു. മോദിയെ വ്യക്തിപരമായി ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് സുരക്ഷാസേനകളുടെ മനോവീര്യം തകർക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. വ്യോമസേന റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെ തടയാൻ പരമാവധി ശ്രമിച്ചു. സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് തെളിവ് ചോദിച്ചു.

 വിദേശരാജ്യങ്ങൾക്കും ഉറപ്പ്

ജൂലായ്, ആഗസ്റ്ര്, സെപ്തംബർ മാസങ്ങളിൽ സന്ദർശനത്തിന് ക്ഷണിച്ചുകൊണ്ട് വിവിധ വിദേശ രാഷ്ട്രങ്ങൾ ക്ഷണിക്കുന്നുവെന്ന് മോദി. മൂന്നാമതും മോദി തന്നെ അധികാരത്തിൽ വരുമെന്ന് ലോക രാജ്യങ്ങളും ചിന്തിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ ക്ഷണക്കത്തുകൾ.

Advertisement
Advertisement