ജില്ലയിൽ 'പൊടിപൂരം'

Monday 19 February 2024 12:27 AM IST

ആലപ്പുഴ: നിർമ്മാണ പ്രവർത്തനം ജില്ലയിൽ സജീവമായതോടെ പൊടിശല്യം രൂക്ഷം. വാഹനങ്ങൾ പോകുമ്പോഴും കാറ്റുവീശുമ്പോഴും വീടുകളിലെ അടുക്കള വരെ പൊടി നിറയുന്ന സ്ഥിതിയാണ്. ഇതോടെ കുട്ടികൾക്കും മുതിർന്നവർക്കും അലർജി ഉൾപ്പെടെ ശ്വാസകോശ രോഗങ്ങൾ വ്യാപകമായി. ജില്ലയിലെ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരിൽ 50 ശതമാനവും അലർജിയുമായി ബന്ധമുള്ള രോഗികളാണ്. കൊവിഡിന് ശേഷം മാസ്ക്ക് ധരിക്കൽ ഒഴിവാക്കിയതോടെയാണ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. കൊവിഡ് കാലത്ത് 20 ശതമാനം പേർ മാത്രമായിരുന്നു അലർജിക്ക് ചികിത്സ തേടിയിരുന്നത്.

പൊടിപറത്തി നിർമ്മാണം

ദേശീയപാത, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ആലപ്പുഴ ബീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ മാസങ്ങളായി തുടരുന്നതിനാൽ ഗ്രാവലും പാലങ്ങളുടെ നിർമ്മാണ സാധനങ്ങളുമായുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരമാണ് പൊടി ശല്യത്തിന് പ്രധാന കാരണം. ആലപ്പുഴ ഇ.എസ്.ഐ ആശുപത്രി പരിസരം മുതൽ ബീച്ച് വരെ നഗരവാസികൾ ബൈപ്പാസ് നിർമ്മാണത്തിന്റെ ദുരിതത്തിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്.

വെള്ളം തളിച്ചാൽ അടങ്ങും

വാഹനങ്ങൾ കയറിയിറങ്ങിയും റോഡ് പൊളിച്ചും പ്രദേശം മുഴുവൻ മണ്ണും പൊടിയും നിറഞ്ഞ അവസ്ഥയാണ്. കടലോര പ്രദേശമായതിനാൽ കാറ്റും കൂടുതലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം പ്രദേശത്തെ പൊടി കുറയ്ക്കുന്നതിനായി വെള്ളം തളിക്കാൻ പല തവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും കേൾക്കാത്ത മട്ടാണ്.

മാസ്ക്ക് ഉപേക്ഷിക്കരുത്

*പൊടി ഒഴുവാക്കാൻ വെള്ളം തളിക്കുക

*ചികിത്സയിലുള്ളവർ മുടങ്ങാതെ മരുന്ന് കഴിക്കണം

*തണുപ്പ്, മഞ്ഞ് ഇവ ഏൽക്കാതിരിക്കുക

*രോഗലക്ഷണമുണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം

കൊവിഡിന് ശേഷം ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചതും കാലാവസ്ഥയിലെ മാറ്റവുമാണ് അലർജി രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയത്. ജില്ലയിലെ ആശുപത്രികളിൽ എത്തുന്നവരിൽ 50ശതമാനവും അലർജിയുമായി ബന്ധമുള്ള രോഗികളാണ്

ഡോ. കെ.വേണുഗോപാൽ, ചീഫ് കൺസൾട്ടന്റ്, സംസ്ഥാന ആരോഗ്യ വകുപ്പ്

Advertisement
Advertisement