ഭിന്നശേഷിസൗഹൃദം എഴുതിവച്ചാൽ മതിയോ?​

Monday 19 February 2024 12:34 AM IST

അമ്പലപ്പുഴ: ജില്ല ഭിന്നശേഷി സൗഹൃദമെന്ന് കൊട്ടിഘോഷിക്കുമ്പോഴും അത് വെറുംവാക്കാണെന്ന് ആക്ഷേപം. ജില്ലയിലെ ഒരു റോഡു പോലും ഭിന്നശേഷി സൗഹൃദമല്ലെന്നാണ് അവർ പറയുന്നത്. 136 അംഗങ്ങൾ വീൽ ചെയർ ഉപയോഗിക്കുന്നവരും 10,000 ത്തോളം കിടപ്പുരോഗികളും ജില്ലയിലുണ്ടെന്നാണ് വീൽചെയർ ഉപയോഗിക്കുന്നവരുടെ സംഘടന പറയുന്നത്.

ഒരു കിലോമീറ്റർ മാറി നിന്ന് വേണം മുച്ചക്ര വാഹനക്കാർക്ക് ആലപ്പുഴ ബീച്ച് കാണാൻ. തീരത്തുണ്ടായിരുന്ന റാമ്പ് പിന്നീട് നീക്കം ചെയ്തു. ഓൺലൈൻ സേവനങ്ങൾക്കായി ഭിന്നശേഷിക്കാർക്ക് കയറിച്ചെല്ലാൻ പറ്റുന്ന ഒരുഅക്ഷയ സെന്റർ പോലും ജില്ലയിലില്ല. മുച്ചക്ര വാഹനത്തിൽ ആശുപത്രികളിൽ പോയാൽ വാഹനം പാർക്ക് ചെയ്തശേഷം മലിനമായ സ്ഥലങ്ങളിലൂടെ ഇഴഞ്ഞു വേണം അകത്തുകടക്കാൻ. വീൽചെയർ പോലും ആശുപത്രിയിൽ ലഭ്യമല്ല. അത്യാഹിതത്തിൽപ്പെട്ട് വരുന്നവർക്ക് മാത്രമാണ് വീൽചെയർ എന്നതാണ് അധികൃതരുടെ വാദം. ഭിന്നശേഷി സൗഹൃദമായ ഒരു ടോയ്ലെറ്റ് പോലും ആശുപത്രികളിൽ ലഭ്യമല്ലെന്നും അവർ പറയുന്നു. ഹോട്ടലുകളിലെ സ്ഥിതിയും ഇതു തന്നെ. ഹൗസ് ബോട്ടിൽ ഉല്ലാസയാത്ര ചെയ്യണമെങ്കിൽ നാലുപേർ എടുത്തുകയറ്റണം. ഒന്ന് ഒന്നിച്ചു കൂടണമെങ്കിലും ഇവർക്കായി ഒരുകമ്മ്യൂണിറ്റി ഹാളോ, പൊതുഇടമോയില്ല. വയോജനങ്ങൾക്ക് പകൽ വീടുകളുണ്ട്. തങ്ങൾ എന്തു ചെയ്യുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

വർഷാവർഷം വാഹനങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും അറ്റകുറ്റപണികൾക്ക് യാതൊരു സംവിധാനവുമില്ലെന്നും ഭിന്നശേഷിക്കാർ പറയുന്നു.

ഭിന്നശേഷികൂട്ടായ്മയും ഭിന്നശേഷിക്കാരും നിർമ്മിക്കുന്ന ഉത്പന്നങ്ങൾ കുടുംബശ്രീ വഴി വിൽപ്പന നടത്താനുള്ള സംവിധാനം സർക്കാർ ഒരുക്കണം. സർക്കാർ അനുഭാവപൂർവ്വം ഭിന്നശേഷി സൗഹൃദം എല്ലാ രംഗത്തും നടപ്പിലാക്കണം

- അജിത്ത് കൃപാലയം വണ്ടാനം,​ സെക്രട്ടറി വീൽചെയർ യൂസേഴ്സ് വെൽഫയർ

കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Advertisement
Advertisement