ആലപ്പുഴയിൽ കുടിവെള്ളം ടാങ്കിലും ടാങ്കറിലുമില്ല !

Monday 19 February 2024 1:36 AM IST

ആലപ്പുഴ: വേനൽക്കാലത്തിന് മുമ്പേ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായ ആലപ്പുഴയിൽ ടാങ്കറുകളിലെങ്കിലും വെള്ളമെത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും

നടപടിയില്ല. നഗരസഭയും ത്രിതലപഞ്ചായത്തുകളും ഉൾപ്പടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതാണ് ഇതിന് കാരണം. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകൾ കുടിവെള്ള വിതരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാൻ കളക്ട്രേറ്റിലേക്ക് പ്രമേയം പാസാക്കി അയച്ചെങ്കിലും,​ സർക്കാർ വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തതിനാൽ നിവൃത്തിയില്ലെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ നിലപാട്.

ജില്ലയിലെ തെക്കൻ മേഖലയിൽ തീരപ്രദേശങ്ങളുൾപ്പെടെ ജലക്ഷാമം മുമ്പില്ലാത്തവിധം അതിരൂക്ഷമാണ്. നിലവിലെ കുടിവെള്ള ടാങ്കുകളിൽ നിന്ന് ജൽജീവൻ, അമൃത് പദ്ധതികൾക്ക് കൂടി വെള്ളം നൽകാൻ തുടങ്ങിയതാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പിലെ വെള്ളം ഇല്ലാതാക്കിയത്. 96 ഓളം നൂറോളം കുഴൽകിണറുകളാണ് രണ്ട് നഗരസഭയും 14 ഓളം പഞ്ചായത്തുകളുമുള്ള തെക്കൻ മേഖലകളിലെ കുടിവെള്ളത്തിന്റെ ഉറവിടം.

കുഴൽകിണറുകളിലെ ജലനിരപ്പും താഴ്ചയിലേക്ക്

1. വേനൽ കടുത്തതോടെ കുഴൽകിണറിലെ വെള്ളത്തിന്റെ അളവ് പെട്ടെന്ന് കുറഞ്ഞത് പമ്പിംഗിനെ ബാധിച്ചു.തുടർച്ചയായി പമ്പ് ചെയ്യുമ്പോൾ മണ്ണും ചെളിയും കയറി മോട്ടോറുകൾ തകരാറിലാകുന്ന സ്ഥിതി

2. ഒരു ഡസനിലധികം കുഴൽക്കിണറുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. ശേഷിക്കുന്നവയിൽ രണ്ട് ഡസനോളം കുഴൽകിണറുകളിൽ കലങ്ങിയതും ദുർഗന്ധം വമിക്കുന്നതുമായ വെള്ളമാണ് കിട്ടുന്നത്

3. ജില്ലാഅതിർത്തിയായ കൃഷ്ണപുരം മുതൽ അരൂർ വരെ പല പഞ്ചായത്തുകളിലെയും കുഴൽക്കിണറുകൾ മാസങ്ങളായി തകരാറാണ്. വേനൽ കടുത്തപ്പോഴാണ് കുഴൽക്കിണറുകൾ നിർമ്മിക്കാൻ വാട്ടർ അതോറിട്ടി രംഗത്തിറങ്ങിയത്.

4. വലിയഴീക്കൽ, ദേവികുളങ്ങര,ചേപ്പാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പല്ലന, തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര, ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങൾ , മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, ചേർത്തല, അരൂർ തുടങ്ങി മിക്കപ്രദേശങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.

5.ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്സണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർകമ്മിറ്റിയിൽ കുടിവെള്ളപ്രശ്നം ചർച്ചയായെങ്കിലും പരിഹാരമുണ്ടായില്ല. സെപ്തംബർ അവസാനം വരെ ശരാശരി 2.80 കോടി ലിറ്ററായിരുന്ന പ്രതിദിന ഉപഭോഗമാണ് 3.5 കോടിയിൽ എത്തിനിൽക്കുന്നത്

പൈപ്പുപൊട്ടൽ

ദേശീയപാത നവീകരണവും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കലുമാണ് ഇപ്പോൾ വാട്ടർ അതോറിട്ടിയെ വെള്ളം കുടിപ്പിക്കുന്ന പ്രശ്നങ്ങൾ. വേനൽകാലത്ത് വെള്ളക്ഷാമം സ്ഥിരം പ്രശ്നമാണെങ്കിലും,​ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും വെള്ളം പാഴാകലും സ്ഥിതി രൂക്ഷമാക്കിയിരിക്കുകയാണ്. ദിവസവും ചെറുതും വലതുമായി അരഡസൻ പൈപ്പ് പൊട്ടലെങ്കിലും ഉണ്ടാകുന്നുണ്ട്.

പ്രഷർ പമ്പിംഗ്

ജലക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിട്ടി നടത്തുന്ന പ്രഷർപമ്പിംഗ് താങ്ങാനാകാത്ത

പഴക്കമേറിയ പൈപ്പുകളാണ് നഗരത്തിലെ ജലവിതരണശൃംഖലയിലുള്ളത്. തുടർ‌ച്ചയായ പമ്പിംഗ് സമ്മർദ്ദവും കടുത്ത ചൂടും കാരണം പൈപ്പുകൾ പലതും ലീക്കായി ജലവിതരണത്തിന്റെ നല്ലൊരു ശതമാനം പാഴാകുന്നു.

.......................

തകരാറിലായ

കുഴൽക്കിണറുകൾ

കൃഷ്ണപുരം

ചേപ്പാട്

ആറാട്ടുപുഴ

ചിങ്ങോലി യു.പി.എസ്.

തൃക്കുന്നപ്പുഴ

ചെറുതന

ആയാപറമ്പ്

കരുവാറ്റ

പുതുപ്പള്ളി(ദേവികുളങ്ങര)

പള്ളിപ്പാട് (അഞ്ചെണ്ണം)

അമ്പലപ്പുഴഭാഗം

ആലപ്പുഴ നഗരസഭ( അരഡസനോളം)


......................

തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ ഫണ്ടുപയോഗിച്ച് ടാങ്കറുകളിൽ വെള്ളം എത്തിക്കാവുന്നതാണ്. കളക്ട്രേറ്റിൽ നിന്ന് ടാങ്കറുകളിൽ കുടിവെള്ളവിതരണത്തിന് ഇടപെടലുണ്ടാകണമെങ്കിൽ വരൾച്ച ബാധിത ജില്ലയായി സർക്കാർ പ്രഖ്യാപനമുണ്ടാകണം

- ഡെപ്യൂട്ടി കളക്ടർ,

ദുരന്തനിവാരണഅതോറിട്ടി,​

ആലപ്പുഴ

Advertisement
Advertisement