ജാമ്യം ലഭിച്ച പ്രതിയെ പൊലീസ് കോടതിയിൽ കയറി പിടികൂടി, നെടുമങ്ങാട്ട് അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം

Monday 19 February 2024 3:45 AM IST

നെടുമങ്ങാട്: ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് കോടതിയിൽ കയറി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നെടുമങ്ങാട് കോടതി ഹാളിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ നിലയുറപ്പിച്ചതോടെ മൂന്ന് മണിക്കൂറോളം കോടതിയും പരിസരവും സംഘർഷഭരിതമായി. കസ്റ്റഡിയിൽ എടുത്ത പ്രതിയെ വൈകിട്ട് 6.30ന് മുമ്പ് ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് അന്ത്യശാസനം നൽകിയെങ്കിലും പൊലീസ് വഴങ്ങിയില്ല.

ഇതേതുടർന്ന് 6.45 ഓടെ പ്രത്യേക സിറ്റിംഗ് നടത്തി പൊലീസുകാർക്കെതിരെ കേസ് എടുത്ത ശേഷമാണ് കോടതി പിരിഞ്ഞത്. അടിപിടിക്കേസിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ജാമ്യം നൽകിയ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രൈം 135/24 കേസിലെ ഒന്നാം പ്രതി സായികൃഷ്ണയെ ആണ് നടപടി ക്രമങ്ങൾ പൂർത്തിയാകും മുമ്പ് രണ്ട് പൊലീസുകാർ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഷാഡോ പൊലീസ് ഉച്ചകഴിഞ്ഞ് 3.59 ഓടെയാണ് നെടുമങ്ങാട് കോടതിയിൽ എത്തിയത്.

ബോണ്ടിൽ ഒപ്പ് വയ്ക്കുന്നതിനായി കോടതി വരാന്തയിൽ നിൽക്കുമ്പോൾ പിടികൂടിയ പ്രതിയെ ഇടനാഴിയിലൂടെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. ഇതുതടഞ്ഞ പ്രതിഭാഗം അഭിഭാഷകൻ അലിഫ് കാസിമിനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പിടിച്ചുതള്ളുന്നതിനിടെ ചുമരിൽ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ അഭിഭാഷകൻ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അഭിഭാഷകർ കൂട്ടത്തോടെ പ്രതിഷേധിച്ച് എത്തിയതോടെ, കോടതി മന്ദിരത്തിന് മുന്നിൽ എ.സി.പിയും ഡിവൈ.എസ്.പിയും അടക്കം വൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. സബ് ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും പൊലീസ് വണ്ടികളും എത്തി.

വട്ടിയൂർക്കാവ് എസ്.എച്ച്.ഒ പ്രതിയുമായി ഹാജരാകാനായിരുന്നു മജിസ്‌ട്രേറ്റ് സി. അരവിന്ദിന്റെ നിർദ്ദേശം. കോടതിയെ അപമാനിച്ചതിലും അഭിഭാഷകനെ മർദിച്ചതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ കോടതി നടപടികൾ ബഹിഷ്കരിക്കുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് ഭാഷ്യം.

Advertisement
Advertisement