പഞ്ചാബിൽ ത്രികോണം; ഡൽഹിയിൽ പൊടിപാറും

Monday 19 February 2024 12:06 AM IST

കർഷക രോഷത്തിന്റെ ട്രാക്ടർ ഓടുകയാണ് പഞ്ചാബ് രാഷ്ട്രീയത്തിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ വികാരം വോട്ടായി പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ കണക്കു കൂട്ടുന്നത്. ആം ആദ്മി, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങുകയാണ് ഇവിടെ. കർഷകരുടെ ഡൽഹി ചലോ പ്രക്ഷോഭത്തിന് സർവ പിന്തുണയും നൽകിയിരിക്കുകയാണ് ആം ആദ്മി സർക്കാർ. കേന്ദ്രസർക്കാരും കർഷകരും തമ്മിലെ സമവായ ചർച്ചകളിൽ മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ സജീവമായി പങ്കെടുക്കുന്നുണ്ട്.

കോൺഗ്രസും കർഷകരെ ചേർത്തുനിറുത്താനുള്ള ശ്രമത്തിലാണ്. ഹരിയാന - പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ കർഷകരെ ഹരിയാന പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയെ അപലപിച്ച കോൺഗ്രസ്, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. പ്രശ്നം പരിഹരിച്ച് കർഷകരെ തങ്ങൾക്കൊപ്പം നിറുത്താൻ ബി.ജെ.പിയും നീക്കം ശക്തമാക്കി. പഞ്ചാബിന്റെ ഗ്രാമീണ മേഖലകളിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് പ്രശ്നപരിഹാരം അനിവാര്യമാണ്.

2020-21-ലെ കർഷക പ്രക്ഷോഭത്തെ അനുകൂലിച്ചിട്ടും 2022-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. അധികാരം നഷ്ടപ്പെട്ടു. വോട്ടുശതമാനം 2017-ലെ 38.64 ൽ നിന്ന് 23.1 ആയി കുറഞ്ഞു. കാർഷിക നിയമങ്ങളുടെ പേരിൽ ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലിദളിനും കാലിടറി. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനം 30.6 ആയിരുന്നെങ്കിൽ 2022-ൽ അത് 18.38 ആയി കൂപ്പുകുത്തി. മിനിമം താങ്ങുവില, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയ ആം ആദ്മി പാർട്ടി 42.01 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. ബി.ജെ.പിക്ക് ലഭിച്ചത് രണ്ടുസീറ്റ് മാത്രവും. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി- പഞ്ചാബ് ലോക് കോൺഗ്രസ്- രൂപീകരിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിന് സ്വന്തം സീറ്റിൽപ്പോലും വിജയിക്കാനായില്ല. കർഷക പരാതികളുടെ ചൂടിൽ നിൽക്കുന്ന സംസ്ഥാനം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്രുനോക്കുന്നത്.

സഖ്യമില്ലാതെ

'ഇന്ത്യ'

സംസ്ഥാനത്ത് 'ഇന്ത്യ' സഖ്യമില്ല. പഞ്ചാബിലെ 13 സീറ്റുകളിലും,​ ചണ്ഡിഗർ കേന്ദ്രഭരണ പ്രദേശത്തെ ഒരു സീറ്റിലും ആം ആദ്മി പാർട്ടി തനിച്ചു മത്സരിക്കും. പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് തീരുമാനം പ്രഖ്യാപിച്ചത്. ആം ആദ്മിക്ക് എതിരാളിയായി എല്ലാ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥിയുണ്ടാകും. ബി.ജെ.പി - ശിരോമണി അകാലിദൾ സഖ്യത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാകില്ല. ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കർഷക സമരം തന്നെയാണ് സഖ്യത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മനസിലുള്ള ശിരോമണി അകാലിദൾ, സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കക്ഷി നില: പഞ്ചാബ്

 2009: 13 സീറ്രുകളിൽ കോൺഗ്രസ് എട്ടിടത്ത് വിജയിച്ചു. ശിരോമണി അകാലിദൾ - 4,​ ബി.ജെ.പി - 1

 2014: കോൺഗ്രസിന് അഞ്ചു സീറ്റ് നഷ്ടപ്പെട്ട് മൂന്നിടത്തു മാത്രമായി ചുരുങ്ങി. ശിരോമണി അകാലിദൾ - 4,​ ആം ആദ്മി - 4,​ ബി.ജെ.പി - 2

 2019: കോൺഗ്രസിന് നേട്ടം. എട്ടിടത്ത് ജയം. ശിരോമണി അകാലിദളിന് 2 സീറ്രിൽ മാത്രം നേട്ടം. ആം ആദ്മി 3 സീറ്റ് നഷ്ടപ്പെട്ട് 1 സീറ്റ് മാത്രം നേടി. ബി.ജെ.പി 2 സീറ്രിൽ വിജയിച്ചു. ചണ്ഡിഗറിലെ 1 സീറ്റ് ബി.ജെ.പി നേടി.

 


തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി ഡൽഹിയിൽ പോരാട്ടത്തിനിറങ്ങുന്നത്. നിയമസഭാ, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ അടിതെറ്റി. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബി.ജെ.പിക്കു വീഴുന്നതിന്റെ പാറ്റേൺ

നിലനിറുത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 2014-ലും 2019-ലും ഏഴിൽ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പി വെന്നിക്കൊടി പാറിച്ചിരുന്നു (വോട്ട് ശതമാനം: 56.86)​. വിട്ടുകൊടുക്കാൻ കോൺഗ്രസ് ഒരുക്കമല്ല (കഴിഞ്ഞ തവണ 22.51 ശതമാനം വോട്ട്)​. പോരാട്ടം പൊടിപാറും. ഡൽഹിയിൽ നിന്ന് ഒരു ലോക്‌സഭാംഗത്തെ പോലും ജയിപ്പിച്ചെടുക്കാൻ ഇതുവരെ ആം ആദ്മിക്ക് സാധിച്ചിട്ടില്ല (വോട്ട് ശതമാനം: 18.11)​. രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കലാണ് പാർട്ടി ലക്ഷ്യം. കോൺഗ്രസും പോർമുഖത്ത് സജീവമാണ്. മദ്യനയക്കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അടക്കം തിരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാകും.

സീറ്റ് വിഭജനം

കല്ലുകടി

'ഇന്ത്യ' സഖ്യ കക്ഷികളായ കോൺഗ്രസും ആംആദ്മിയും സീറ്റ് വിഭജന വിഷയത്തിൽ കരയ്ക്കടുത്തിട്ടില്ല. പഞ്ചാബിലെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചെങ്കിലും ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റ് നൽകാമെന്നാണ് നിലപാട്. ഒരു സീറ്റിന് പോലും കോൺഗ്രസിന് അർഹതയില്ലെന്നും, സഖ്യ ധർമ്മം എന്ന നിലയിലാണ് തീരുമാനമെന്നും പാർട്ടി പറയുന്നു. ഡൽഹിയിൽ നിന്ന് കോൺഗ്രസിന് ലോക്ഭാ, നിയമസഭാ അംഗങ്ങളില്ലെന്നാണ് ന്യായീകരണം. അതേസമയം, കോൺഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുശതമാനത്തെ അവഗണിക്കാനും കഴിയില്ല. ഇരു പാർട്ടികളും നീക്കുപോക്കിന് തയ്യാറായില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തുന്നു.


കക്ഷിനില: ഡൽഹി

 2009: ഏഴിൽ ഏഴു സീറ്രിലും കോൺഗ്രസ് ജയം

 2014: മുഴുവൻ സീറ്റിലും കൊടി പാറിച്ച് ബി.ജെ.പി

 2019: ഏഴു സീറ്റും നിലനിറുത്തി ബി.ജെ.പി.

Advertisement
Advertisement