ഡൽഹി ചലോ: രാത്രിയിലും തുടർന്ന് സമവായ ചർച്ച

Monday 19 February 2024 1:35 AM IST

ന്യൂഡൽഹി: പ്രക്ഷോഭത്തിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നാലാം റൗണ്ട് സമവായ ചർച്ചകൾ രാത്രിയിലും തുടർന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ ചണ്ഡിഗറിലെത്തി കർഷക നേതാക്കളുമായി ചർച്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചർച്ചയ്ക്കെത്തി. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കി ഉടൻ ഓർഡിനൻസ് പുറത്തിറക്കണം, എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ കർഷക നേതാക്കൾ ആവർത്തിച്ചു. ഡൽഹി ചലോ പ്രക്ഷോഭത്തിനായി പുറപ്പെട്ട ആയിരക്കണക്കിന് കർഷകരാണ് ഈ മാസം 13 മുതൽ ഹരിയാന - പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ തുടരുന്നത്. സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്രിക്കൽ), കിസാൻ മസ്ദൂർ മോർച്ച കർഷക സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഡൽഹി അതിർത്തിയിലും സുരക്ഷാ സന്നാഹം ശക്തമാക്കി.

Advertisement
Advertisement