നവാൽനിയുടെ മരണം: മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകൾ എന്ന് ആരോപണം

Monday 19 February 2024 7:24 AM IST

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ (47 ) മൃതദേഹത്തിൽ ക്ഷതമേറ്റതിന്റെയും ബലപ്രയോഗത്തിന്റെയും പാടുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മൃതദേഹം കണ്ട ചില പാരാമെഡിക്കൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു സ്വതന്ത്ര റഷ്യൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.

ഹൃദയസ്തംഭനമോ അപസ്മാരമോ ഉണ്ടായി നിലത്ത് വീണ് ശരീരം പിടയ്ക്കുമ്പോൾ ഇത്തരം ക്ഷതമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പാരാമെഡിക്കൽ ജീവനക്കാർ കൂട്ടിച്ചേർത്തു. നവാൽനിയുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷമേ കൈമാറൂ എന്നാണ് അധികൃതർ പറയുന്നത്. മൃതദേഹം നിലവിൽ സലേഖാർഡ് നഗരത്തിലെ ക്ലിനിക്കൽ ഹോസ്പിറ്റലിൽ പൊലീസ് സുരക്ഷയോടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

സാധാരണഗതിയിൽ ജയിലിൽ മരിക്കുന്നവരുടെ മൃതദേഹം ഗ്ലാസകോവ സ്ട്രീറ്റിലെ ബ്യൂറോ ഒഫ് ഫോറൻസിക് മെഡിസിനിലേക്ക് മാറ്റുകയാണ് പതിവ്. നവാൽനി കൊല്ലപ്പെട്ടതാണെന്നും ഇതിന്റെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. വെള്ളിയാഴ്ച യെമലോ - നെനറ്റ്സിലെ ജയിലിൽ വച്ച് നവാൽനി ബോധരഹിതനായി വീണെന്നും മെഡിക്കൽ സംഘം ഉടൻ എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. മരണകാരണവും വ്യക്തമാക്കിയിട്ടില്ല. ' സഡൻ ഡെത്ത് സിൻഡ്രോമാണ്' നവാൽനിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നു. സ്വാഭാവിക കാരണങ്ങളാൽ പെട്ടെന്നുള്ള, അപ്രതീക്ഷിതമായ മരണത്തെയാണ് സഡൻ ഡെത്ത് സിൻഡ്രോമിലൂടെ സൂചിപ്പിക്കുന്നത്. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തെയും മറ്റും ഈ ഗണത്തിൽപ്പെടുന്നു.

 എഫ്.എസ്.ബിക്ക് പങ്ക് ?

നവാൽനിയുടെ മരണ ദിവസം യെമലോ - നെനറ്റ്സ് ജയിലിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നതായി ആരോപണം. റഷ്യൻ ജയിൽപ്പുള്ളികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടേതാണ് അവകാശവാദം. നവാൽനിയുടെ മരണത്തിന് രണ്ട് ദിവസം മുമ്പ് റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസിലെ (എഫ്.എസ്.ബി) ഉദ്യോഗസ്ഥർ ജയിലിലെത്തി.

ഇവിടുത്തെ ശ്രവണ ഉപകരണങ്ങളും ക്യാമറകളും പ്രവർത്തനരഹിതമാക്കി. അതിനാൽ നവാൽനിക്ക് സംഭവിച്ചത് എന്താണെന്ന് പുറംലോകത്തിന് അറിയാനാകില്ലെന്നും ഇവർ പറയുന്നു. നവാൽനിയുടെ ശരീരത്തിലെ ചതവുകൾ മരണശേഷം സംഭവിച്ചെന്ന് പറയാൻ പോസ്റ്റ്മോർട്ടം നടത്തുന്ന ഡോക്ടർമാരോട് അധികൃതർ നിർദ്ദേശിച്ചെന്നും സംഘടന അവകാശപ്പെട്ടു. അതേ സമയം, നവാൽനിയുടെ മരണവുമായി ബന്ധപ്പെട്ട് റഷ്യയിൽ തുടരുന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 400 കടന്നു.

Advertisement
Advertisement