നീണ്ട്...നീണ്ട്...നൂഡിൽസ് പോലെ !

Monday 19 February 2024 7:24 AM IST

വെല്ലിഗ്ടൺ : ലോകത്തെ ഏറ്റവും വലിയ ജീവി ഏതാണെന്ന ചോദ്യത്തിന് നീലത്തിമിംഗലം എന്ന ഉത്തരമാകും നമ്മുടെ മനസിലേക്ക് എത്തുക. എന്നാൽ നീളത്തിന്റെ കാര്യത്തിൽ നീലത്തിമിംഗലം തന്നെയാണോ ഭൂമിയിൽ ഒന്നാമൻ. ശരിക്കും ഇന്ന് അതൊരു തർക്ക വിഷയമാണ്. കാരണം, നീലത്തിമിംഗലത്തിന് ശക്തനായ ഒരു എതിരാളി കടലിൽ തന്നെയുണ്ട്.

വലിപ്പത്തിൽ നീലത്തിമിംഗലത്തെ വെല്ലാനാകില്ലെങ്കിലും നീളത്തിൽ ആ റെക്കോഡിനായി മത്സരിക്കുന്നത് ' സൈഫനോഫോർ ' എന്ന ജീവിയാണ്. മുമ്പ് പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് സമുദ്ര ഗവേഷണത്തിലേർപ്പെട്ടിരുന്ന ഗവേഷകർ കണ്ടെത്തിയ സൈഫനോഫോറിന്റെ നീളം 150 അടിയോളമായിരുന്നു. 170 ലേറെ സ്പീഷിസുകളുള്ള സർപ്പിളാകൃതിയോട് കൂടിയ നൂലുപോലെ നീണ്ട കടൽ ജീവികളാണ് സൈഫനോഫോറുകൾ.

സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സൈഫനോഫോറുകൾ ഹൈഡ്രോയിഡുകൾ, ജെല്ലി ഫിഷ് തുടങ്ങിയവയുമായി ബന്ധമുള്ളവയാണ്. ചെറിയ മത്സ്യങ്ങൾ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയാണ് ഇക്കൂട്ടരുടെ പ്രധാന ഭക്ഷണം.

അതേ സമയം, സൈഫനോഫോറുകളെ ലോകത്തെ ഏറ്റവു നീളമേറിയ ജീവിയെന്ന് അംഗീകരിക്കാൻ ഒരുവിഭാഗം തയാറല്ല. കാരണം സൈഫനോഫോർ ഒരൊറ്റ ജീവിയല്ല. ! നിരവിധി ചെറിയ ക്ലോൺ രൂപാന്തരങ്ങളുടെ ഒരു കോളനി ചേർന്നാണ് ഒരു സൈഫനോഫോർ രൂപപ്പെടുന്നത്. സൂയിഡുകൾ എന്നാണ് ഈ ചെറു ക്ലോണുകൾ അറിയപ്പെടുന്നത്.

എല്ലാ ക്ലോണുകളും ഒരേ പോലെയുള്ളവയും ഒരേ ഡി.എൻ.എയോട് കൂടിയവയുമാണ്. ഈ സൂയിഡുകൾ നിരനിരയായി വിന്യസിക്കുന്നതാണ് നീണ്ട ചരട് പോലെ സൈഫനോഫോറുകൾ കാണപ്പെടുന്നത്.

കടലിനടിയിൽ 2000 അടിയ്ക്കും താഴെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ചുറ്റിത്തിരിഞ്ഞ് നൂഡിൽസ് പോലെ കാണപ്പെടുന്നതിനാൽ ഇവയുടെ നീളം കൃത്യമായി അളക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.

ഏതായാലും ഒരു ഹംപ്ബാക്ക് തിമിംഗലത്തെക്കാൾ മൂന്നിരട്ടി നീളവും സാധാരണ നീല തിമിംഗലത്തെക്കാൾ രണ്ടിരട്ടി നീളവുമുള്ള സൈഫനോഫോറിനെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജയന്റ് സൈഫനോഫോറിന് ശരാശരി 130 അടി വരെ നീളംവയ്ക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Advertisement
Advertisement