പിസകളുടെ രാജാവ് ലൂയി പതിമൂന്ന് !

Monday 19 February 2024 7:25 AM IST

പാരീസ്: ലൂയി പതിമൂന്നാമൻ എന്ന് കേട്ടിട്ടില്ലേ. 1610 - 1643 കാലയളവിൽ ഫ്രാൻസിന്റെ രാജാവായിരുന്നു അദ്ദേഹം. ഇന്ന് പിസകളുടെ രാജാവിന് നൽകിയിരിക്കുന്നതും ലൂയി പതിമൂന്ന് ( Louis XIII ) എന്ന പേരാണ്​. ലോകത്തെ ഏറ്റവും വിലകൂടിയ പിസയാണിത്. റെനേറ്റോ വയോള എന്ന ഇറ്റാലിയൻ ഷെഫാണ് ഈ രാജകീയ പിസയ്ക്ക് പിന്നിൽ. രണ്ട് പേർക്ക് വേണ്ടി വെറും 20 സെന്റീമീറ്റർ വലിപ്പത്തിലാണ് ലൂയി പതിമൂന്ന് തയാറാക്കുന്നത്. 72 മണിക്കൂർ സമയം വേണം ഇവ തയാറാക്കാൻ. ! അതിനൊരു കാരണമുണ്ട്.

പിസയുടെ അടിസ്ഥാനമെന്ന് പറയുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന ധാന്യമാവ് ആണ്. അറേബ്യൻ ഓർഗാനിക് ഫ്ലോർ ആണ് ലൂയി പതിമൂന്നിൽ ഉപയോഗിക്കുന്നത്. ഈ മാവ് പുളിപ്പിച്ചെടുക്കാൻ 72 മണിക്കൂർ വേണം. ഓസ്ട്രേലിയയിലെ മുറേ നദിയിൽ നിന്നുള്ള ശുദ്ധമായ പിങ്ക് ഉപ്പ് പിസയ്ക്ക് രുചി പകരുന്നു. ടോപ്പിംഗ് ആണ് ലൂയി പതിമൂന്നിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഭാഗം.

ഓസിയെട്ര റോയൽ പ്രെസ്റ്റീജ്,​ കാസ്പിയ ഓസിയെട്ര റോയൽ ക്ലാസിക്,​ കാസ്പിയ ബെലൂഗ എന്നീ മൂന്ന് തരം വിശിഷ്ട കാവിയാറുകളാണ് ( മത്സ്യമുട്ടകൾ )​ ഈ പിസയിൽ ഉപയോഗിക്കുന്നത്. നോർവെയിൽ നിന്ന് ഇറക്കുമതി ചെയ്ത വില കൂടിയ ലോബ്സ്റ്ററും മെഡിറ്ററേനിയൻ ചെമ്മീനും ഏഴ് തരം ചീസുമാണ് ഈ പിസയുടെ മറ്റൊരു പ്രത്യേകത. 12,000 ഡോളർ ( 9,96,200 രൂപ )​ ആണ് ഇറ്റലിയയിലെ സാലെർനോയിൽ അവതരിപ്പിക്കപ്പെട്ട ലൂയി പതിമൂന്നിന്റെ വില.

ഇനി മറ്റൊരു കാര്യം, സാധാരണ പിസയ്ക്കൊപ്പം നമ്മൾ പെപ്സിയും കോളയും ഒക്കെ കുടിക്കാറുണ്ട്. എന്നാൽ ലൂയി പതിമൂന്നിനൊപ്പം ലഭിക്കുന്നത് 3 ലക്ഷം വിലയുള്ള കോൻയാക് (റെമി മാർട്ടിൻ കോൻയാക് ലൂയി പതിമൂന്ന്) ആണ്. ഷാംപെയ്ൻ ( ഷാംപെയ്ൻ ക്രൂഗ് ക്ലോസ് ഡ മെസ്‌നിൽ 1995), ബ്രാൻഡി ( കാർഡെനൽ മെന്റോസ കാർട്ട റിയൽ) എന്നിവയും പിസയ്ക്കൊപ്പം ലഭിക്കും.

Advertisement
Advertisement