രണ്ട് വർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തു; പ്ലസ് ടു വിദ്യാർത്ഥിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് 19കാരൻ

Monday 19 February 2024 10:32 AM IST

കോയമ്പത്തൂർ: പ്ലസ് ടു വിദ്യാർത്ഥിയെ 19കാരൻ നടുറോഡിൽ വെട്ടിക്കൊന്നു. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ പേരരശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രണ്ട് വർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്നതിനുവേണ്ടി പോകാൻ സുഹൃത്തുക്കൾക്കൊപ്പം ബസ് കാത്തിരിക്കുകയായിരുന്നു പ്രണവ്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിലിരിക്കുന്ന പ്രണവിനെ ബൈക്കിലെത്തിയ പേരരശനും സുഹൃത്തും കണ്ടു. തുടർന്ന് ബസ് സ്റ്റോപ്പിലെത്തി പ്രണവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിലുൾപ്പെടെ ഗുരുതരമായി വെട്ടേറ്റ ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങി. പ്രണവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇഎസ്‌ഐ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പ്രണവ് പേരരശന്റെ സഹോദരിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിക്കാൻ ചെന്ന പേരരശനെ പ്രണവും സുഹൃത്തുക്കളും മർദിച്ചതായി പറയുന്നു. ഇതിന്റെ വാശിക്ക് പ്രണവിന്റെ സുഹൃത്തുക്കളിലൊരാളെ പേരരശൻ മർദിക്കുകയും ഇതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലാവുകയും ചെയ്തു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.