'മുടിവെട്ടുകടയിൽ നിന്ന് കണ്ടെടുത്ത സൂപ്പർസ്റ്റാറാണ്'; പൃഥ്വിയെ കുറിച്ചുള്ള രഹസ്യം പുറത്തുവിട്ട് മണിയൻപിള്ള രാജു

Monday 19 February 2024 11:21 AM IST

മുടിവെട്ടുകടയിൽ വച്ച് കണ്ടപ്പോഴാണ് പൃഥ്വിരാജിനെ 'നന്ദനം' എന്ന ചിത്രത്തിന് വേണ്ടി നിർദേശിച്ചതെന്ന് നടൻ മണിയൻപിള്ള രാജു. മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷിക ആഘോഷത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അപ്പോളോ ഡിമോറോയിൽ വച്ചായിരുന്നു ആഘോഷപരിപാടി നടന്നത്.

'സംവിധാനയകൻ രഞ്ജിത്ത് കോഴിക്കോട് നിന്ന് വിളിച്ചിരുന്നു. ഒരു പുതിയ ചിത്രം തുടങ്ങുന്നു. അതിൽ അഭിനയിക്കാൻ ഒരു പയ്യനെ വേണം. അപ്പോൾ ഞാൻ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഞാൻ ഒരു ഹെയർ കട്ടിംഗ് കടയിൽ പോയപ്പോൾ സുകുമാരന്റെയും മല്ലികയുടെയും മകനെ കണ്ടു. നല്ല സുന്ദരനാണ്. ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. ഓസ്ട്രേലിയലാണ് പഠിക്കുന്നത്. ഇപ്പോൾ പരീക്ഷ കഴിഞ്ഞ വന്നു. ഇക്കാര്യം പറയാൻ സംവിധായകൻ എന്നെ ഏൽപ്പിച്ചു. ഞാൻ അത് മല്ലികയോട് സംസാരിച്ചു. പിറ്റേദിവസം തന്നെ മല്ലിക പൃഥ്വിരാജിനെ രഞ്ജിത്തിന്റെ അടുത്തേക്ക് പറഞ്ഞുവിടുകയാണ് ഉണ്ടായത്. പിന്നാലെ രഞ്ജിത്ത് എന്നെ വിളിച്ച് ഇതിന് അപ്പുറം ആരുമില്ല. നന്ദനത്തിലെ നായകൻ പൃഥ്വിരാജ് തന്നെയാണെന്ന് പറഞ്ഞു. ആ സ്നേഹം ഇപ്പോഴും മല്ലികയ്ക്കും പൃഥ്വിരാജിനുമുണ്ട്'- മണിയൻപിള്ള രാജു പറഞ്ഞു.

2005ൽ പൃഥ്വിരാജിനെ വച്ച് 'അനന്തഭദ്രം' എന്ന ചിത്രം നിർമ്മിക്കാൻ കഴിഞ്ഞെന്നും അത് ഹിറ്റ് ആയിരുന്നെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. 2015ൽ എടുത്ത 'പാവാട' എന്ന ചിത്രവും ഹിറ്റാണെന്ന് അദ്ദേഹം പറഞ്ഞു.