"നാല് കുട്ടികളാണ്, ഒരു പെൺകുട്ടിയേ ഉള്ളൂ, എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചുതരൂ"; മേരിക്കായി തെരച്ചിൽ ഊർജിതം

Monday 19 February 2024 3:07 PM IST

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. ഈഞ്ചക്കലിൽ നിന്നുള്ളയാളാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചതെന്നാണ് വിവരം.

രാത്രി 12.30 ഓടെ പ്രായമുള്ളയാളും യുവാവും ചേർന്ന് കുട്ടിയെ സ്കൂട്ടറിന് നടുവിലിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് മൊഴി. ഹമ്പുള്ളതിനാൽ സ്കൂട്ടർ വേഗത കുറച്ചിരുന്നു. അതിനാലാണ് കുട്ടിയെ കണ്ടത്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളേജിന് തൊട്ടുമുമ്പുള്ള പ്രദേശത്തായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കുട്ടിയെ കാണാതായതിന്റെ സമീപത്തുനിന്ന് രാത്രി പന്ത്രണ്ടിന് രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതായും റിപ്പോർട്ടുകളുണ്ട്.

ഓൾ സെയിന്റ്സ് കോളേജിന്റെ മുന്നിൽ നിന്ന് കൊല്ലം, കഴക്കൂട്ടം അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാം. അതിനാൽത്തന്നെ വിപുലമായ അന്വേഷണമാണ് നടത്തുന്നത്. ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ്- റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്.

'രാത്രി ഉറങ്ങുകയായിരുന്നു. പന്ത്രണ്ട് മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ കുട്ടിയെ കാണാനില്ല. നാല് കുട്ടികളാണ്. ഒരു പെൺകുട്ടിയേ ഉള്ളൂ. എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചുതരൂ.'- ദമ്പതികൾ പറഞ്ഞു. അതേസമയം, നിലവിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. തെരുവോരങ്ങളിൽ കച്ചവടം നടത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്.