സുരേഷ് ഗോപി നല്ല നടൻ, ഇനിയും അവാർഡുകൾ കിട്ടട്ടെയെന്ന് ആഗ്രഹം, തൃശൂരിൽ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്ന് ടി എൻ പ്രതാപൻ
തൃശൂർ: തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ടി.എൻ.പ്രതാപൻ എം.പി പറഞ്ഞു. അതേസമയം സുരേഷ് ഗോപി നല്ല സിനിമാനടനാണെന്നും ഇനിയും സംസ്ഥാന - ദേശീയ അവാർഡുകൾ കിട്ടണമെന്നാണ് ആഗ്രഹമെന്നും പ്രതാപൻ പറഞ്ഞു.
ദേശീയതലത്തിൽ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണ്. എന്നാൽ, കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മുഖ്യമത്സരം. ഏതെങ്കിലും ഒത്തുതീർപ്പിന്റെ ഭാഗമായി ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിച്ചാൽ തൃശൂരിലെ നല്ല കമ്മ്യൂണിസ്റ്റുകാർ ചുട്ടമറുപടി നൽകും. കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് കിട്ടാവുന്ന സ്ഥാനമാനങ്ങൾ എല്ലാം വാങ്ങി ബി.ജെ.പിയിലേക്ക് പോകുന്നവരുണ്ട്. അവരൊക്കെ കുറച്ചുകഴിഞ്ഞാൽ ചരിത്രത്തിൽ നിന്ന് ചവറ്റുകുട്ടയിലേക്ക് പോകും. കാലം അത് തെളിയിക്കുമെന്നും പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ടി.എൻ.പ്രതാപൻ എം.പി നയിക്കുന്ന 'വെറുപ്പിനെതിരെ സ്നേഹ സന്ദേശയാത്ര' 20 മുതൽ മാർച്ച് 5 വരെ നടക്കും. 20ന് വൈകിട്ട് മൂന്നിന് വടക്കേക്കാട് എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.എം.സുധീരൻ, കെ.മുരളീധരൻ, എം.പിമാരായ ശശി തരൂർ, അബ്ദുസമദ് സമദാനി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ യാത്ര ഉദ്ഘാടനം ചെയ്യും.