കാടു താണ്ടി, മല താണ്ടി;ചരിത്രം വഴിമാറി : ആദ്യത്തെ ആദിവാസി ജഡ്ജിയായി ശ്രീപതി
ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ജവാദു കുന്നുകൾക്ക് സമീപമുള്ള പുലിയൂർ ഗ്രാമത്തിൽ നിന്നു 200 കിലോമീറ്റർ താണ്ടിയാണ് കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ നടന്ന സിവിൽ ജഡ്ജി പരീക്ഷ എഴുതാൻ ആദിവാസി യുവതി ശ്രീപതി എത്തിയത്.
23 കാരിയുടെ മനസ് നിറയെ ഉത്ക്കണ്ഠയായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ വിജയം. ആദിവാസി സമൂഹത്തിൽ നിന്ന് സിവിൽ ജഡ്ജിയാകുന്ന ആദ്യ വനിത.
കുഞ്ഞിനു ജന്മം നൽകിയതിന്റെ മൂന്നാം നാളായിരുന്നു പരീക്ഷ. തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ ഓഫീസിനു മുന്നിൽ പെൺകുഞ്ഞിനൊപ്പം നിൽക്കുന്ന ശ്രീപതിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. തിരുവണ്ണാമലൈ ചെങ്ങം പട്ടണത്തിനടുത്തുള്ള തുവിഞ്ഞിക്കുപ്പം എന്ന ഗ്രാമത്തിൽ മലയാളി വേരുകളുള്ള ആദിവാസി സമൂഹത്തിലാണ് ശ്രീപതി ജനിച്ചത്. റിസർവ് വനത്തിലാണ് ഗ്രാമം.
15 കിലോമീറ്റർ അകലെയുള്ള പരമാനന്ദൽ ഗ്രാമത്തിലാണ് ഏറ്റവും അടുത്തുള്ള ബസ് സർവീസ്.
കർഷകനായ എസ്.കാളിയപ്പന്റെയും കെ.മല്ലികയുടെയും മൂത്തമകളാണ് ശ്രീപതി.
ഇളയ സഹോദരങ്ങൾക്കൊപ്പം പന്ത്രണ്ടാം ക്ലാസ് വരെ അതനാവൂർ വില്ലേജിലെ സെന്റ് ചാൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ച ശ്രീപതി ഹയർസെക്കൻഡറി പഠനത്തിനു ശേഷം സർക്കാർ കോളേജിൽ നിയമപഠനത്തിന് ചേർന്നു. ആംബുലൻസ് ഡ്രൈവറായ എസ്. വെങ്കിടേശനുമായുള്ള വിവാഹത്തിനു ശേഷവും വീട്ടിലിരുന്ന് പഠിച്ച് സിവിൽ ജഡ്ജിയാകാനുള്ള ലക്ഷ്യത്തിലേക്കു സഞ്ചരിച്ചു. ഒടുവിൽ ശ്രീപതിയുടെ വിജയം ആദിവാസി സമൂഹത്തിന്റേതു കൂടിയായി.
''എന്റെ സമുദായത്തിലെ ആളുകൾക്ക് നിയമസഹായം നൽകുക എന്നതായിരുന്നു എന്റെ
പ്രേരണ,''
-ശ്രീപതി
'' വിദൂര ആദിവാസി ഗ്രാമത്തിൽ നിന്ന് വന്ന ശ്രീപതി ഇത്രയും ഉയരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ട്''
-എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി
'' കുഞ്ഞ് ജനിച്ച് രണ്ട് ദിവസം കഴിഞ്ഞ് പരീക്ഷ. ദീർഘദൂരം യാത്ര ചെയ്ത് പരീക്ഷയ്ക്ക് ഹാജരായ അവളുടെ ദൃഢനിശ്ചയം പ്രശംസനീയമാണ്.''
-ഉദയനിധി സ്റ്റാലിൻ,
യുവജനക്ഷേമ മന്ത്രി