കൃഷ്ണൻ അവിൽ സ്വീകരിച്ചത് ഇന്ന് അഴിമതിയാകും : മോദി , പരിഹാസം തിര.ബോണ്ട് വിധിക്കു പിന്നാലെ

Tuesday 20 February 2024 4:50 AM IST

ന്യൂഡൽഹി: കുചേലൻ കൃഷ്ണന് അവിൽ നൽകിയത് ഇന്നായിരുന്നെങ്കിൽ സുപ്രീം കോടതിയിൽ അതിന്റെ വീഡിയോ കാണിച്ച് പൊതുതാത്‌പര്യ ഹർജി എത്തുമെന്നും അഴിമതിയായി വ്യാഖ്യാനിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.തിരഞ്ഞെടുപ്പ് ബോണ്ട് അസാധുവാക്കിയ സുപ്രീംകോടതി വിധിയോടുള്ള വിയോജിപ്പാണ് പ്രധാനമന്ത്രി പരിഹാസത്തിൽ പൊതിഞ്ഞ് പ്രകടിപ്പിച്ചതെന്ന് വിലയിരുത്തൽ.

ഉത്തർപ്രദേശ് സംഭാൽ ജില്ലയിൽ കൽക്കി ധാം ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ തങ്ങളുടെ വികാരങ്ങളല്ലാതെ, മറ്റൊന്നും കൈയിലില്ലെന്ന് ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റ് ചെയർമാൻ ആചാര്യ പ്രമോദ് കൃഷ്ണൻ പ്രസംഗിച്ചതിനു പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.

''പ്രമോദ് ജി, താങ്കൾ എനിക്കൊന്നും തരാതിരുന്നത് നന്നായി. കുചേലൻ കൃഷ്‌ണന് അവിൽ കൊടുത്തത് ഇപ്പോഴായിരുന്നെങ്കിൽ, അതിന്റെ വീഡിയോ പുറത്തുവരികയും ആരെങ്കിലും സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുകയും ചെയ്‌തേനെ. കൃഷ്‌ണൻ അവിൽ സ്വീകരിച്ചത് അഴിമതിയാണെന്ന് വിധിയും വരുമായിരുന്നു. അത്തരത്തിലാണ് ഇന്ന് കാര്യങ്ങൾ. '-മോദി പറഞ്ഞു.

നരേന്ദ്രമോദിയെ ക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവായിരുന്ന ആചാര്യ പ്രമോദ് കൃഷ്‌ണൻ പാർട്ടി നടപടിക്ക് വിധേയനായിരുന്നു. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് കോൺഗ്രസ് ബഹിഷ്‌‌കരിച്ചതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.