കല്ലമ്പലത്ത് കഞ്ചാവ് വേട്ട ; ഒരാൾ പിടിയിൽ

Tuesday 20 February 2024 3:28 AM IST

കല്ലമ്പലം: ആഴാംകോണം ജംഗ്ഷന്‍ സമീപം എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 80 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. തമിഴ്നാട് സ്വദേശി ശങ്കറാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി തമിഴ്നാട് സ്വദേശി ശരവണൻ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ട് 6ഓടെയായിരുന്നു സംഭവം.

വർക്കല എക്സൈസ് സി.ഐ ഷാജഹാന്റെയും ഇൻസ്‌പെക്ടർ ഷൈജുവിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. എക്സൈസ് സംഘം വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാളെ പിടികൂടിയത്. പരിശോധനയിൽ അഭിഭാഷകന്റെ എംബ്ലം പതിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് 32 പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് 80 കിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.

വാഹനത്തിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ചതിൽ നിന്ന് ശരവണന്റെ പേരിൽ തമിഴ്നാട് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് കണ്ടെത്തിയതായി സി.ഐ പറഞ്ഞു. പിടികൂടിയ പ്രതിയെയും പിടിച്ചെടുത്ത കഞ്ചാവും കോടതിയിൽ ഹാജരാക്കി. ശരവണനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.