ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തങ്ങൾക്കായി തുണി ഒരുക്കിത്തുടങ്ങി

Tuesday 20 February 2024 12:00 AM IST
ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തങ്ങൾക്കായി മന്ദാരംകടവിൽ തുണികൾ ഒരുക്കുന്നു.

ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കിത്തുടങ്ങി. തിരുപ്പൂരിൽ നിന്നും കൊണ്ടുവന്ന ഇരുനൂറ് കിലോ തുണി മന്ദാരക്കടവിൽ വച്ച് പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ അമ്പതോളം യുവാക്കളാണ് ഇതിൽ പങ്കാളികളായത്. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുക. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറയ്ക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും. ശാസ്താവിന്റെ തിരുമുമ്പിൽ ഒറ്റപ്പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും ആറ് നാഴി പന്തങ്ങളുമാണ് ഉപയോഗിക്കുക. ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയിൽ പന്തങ്ങൾ ചുറ്റുന്നതിനായി ഒരു നാഴിക്ക് അരക്കിലോ തുണി വേണ്ടി വരും. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത് വൃശ്ചികത്തിൽ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്. ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിലാണ് കൈപ്പന്തങ്ങൾ ഒരുക്കുന്നത്.

Advertisement
Advertisement