'മണിച്ചിത്രത്താഴ് ഇന്നാണ് പുറത്തിറങ്ങിയതെങ്കിൽ വിജയിക്കില്ല, അവരതിന് സമ്മതിക്കില്ല'; ജാഫർ ഇടുക്കി

Tuesday 20 February 2024 12:14 PM IST

1993 ഡിസംബർ 23ന് തീയേറ്ററുകളിലെത്തിയ ക്ലാസിക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. മോഹൻലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകർത്തഭിനയിച്ച ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാൽ, മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കിൽ വിജയിക്കില്ലായിരുന്നു എന്നാണ് നടൻ ജാഫർ ഇടുക്കി പറയുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

'ഇപ്പോഴാണ് മണിച്ചിത്രത്താഴ് ഇറങ്ങിയിരുന്നതെങ്കിൽ അത് വിജയിക്കില്ല. കാരണം ആദ്യ ദിവസം തന്നെ സിനിമയുടെ സസ്പെൻസ് കുറേപേർ ഫോണിൽ പകർത്തും. ശോഭനയാണ് നാഗവല്ലി, എല്ലാവരും കാണണം എന്നവർ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയിൽ ചെന്ന് ഷൂട്ടിംഗ് നടത്തേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോൺ റെക്കോർഡിംഗ്. നമ്മൾ അനൗൺസ് ചെയ്താലും അവർ റെക്കോർഡ് ചെയ്യും. അങ്ങനെ ഒരാൾ ചെയ്യുമ്പോൾ നിർമാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയാമോ? എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ? അതാണ് ഒരൊറ്റ ക്ലിക്കിൽ ഒന്നും അല്ലാതെ ആക്കുന്നത്. ' - ജാഫർ ഇടുക്കി പറഞ്ഞു.

മധു മുട്ടത്തിന്റെതായിരുന്നു മണിച്ചിത്രത്താഴിന്റെ കഥ. ഫാസിൽ സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രിയദർശൻ, സിദ്ധിഖ് - ലാൽ, സിബി മലയിൽ എന്നിവർ രണ്ടാം യൂണിറ്റ് സംവിധായകരായും പ്രവർത്തിച്ചു. തിലകൻ, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, ഗണേശ് കുമാർ, ശ്രീധർ, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ജോൺസന്റെ പശ്ചാത്തല സംഗീതവും എം ജി രാധാകൃഷ്ണന്റെ ഈണവും ചിത്രത്തിനെ കൂടുതൽ മനോഹരമാക്കി. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമിച്ച ചിത്രം അഞ്ച് കോടിയാണ് നേടിയത്.

Advertisement
Advertisement