കുമ്മനമില്ല, തിരുവനന്തപുരത്ത് ബിജെപിയുടെ ലിസ്‌റ്റിലുള്ള അഞ്ച് പേരും വിജയസാദ്ധ്യതയുള്ളവർ‌

Tuesday 20 February 2024 12:52 PM IST

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് കടന്നെങ്കിലും തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ആരെയും ഉറപ്പിക്കാതെ ബി.ജെ.പി.മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ കൊല്ലത്തും പത്തനംതിട്ടയിലും പരിഗണിക്കുന്നുണ്ട്. മാവേലിക്കരയും കോട്ടയവും ഇടുക്കിയും ബി.ഡി.ജെ.എസിനാണ്.തൃശ്ശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ്, മുൻ ചെയർമാൻ ജി.മാധവൻനായർ,ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള,മെട്രോമാൻ ഇ.ശ്രീധരൻ,നടൻ കൃഷ്ണകുമാർ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. ഒ.രാജഗോപാലിനെപ്പോലെ സൗമ്യനും പുരോഗമനപ്രതിച്ഛായയുമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് ശ്രമം.

മതന്യൂനപക്ഷങ്ങളുടെ വോട്ടാണ് തിരുവനന്തപുരം വഴുതിപ്പോകാനിടയാക്കുന്നത്. കുമ്മനം രാജശേഖരനെപ്പോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളവർക്ക് ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നാണ് അനുഭവം. പത്തനംതിട്ടയോടാണ് കുമ്മനത്തിന് താൽപര്യം. ഏറെക്കാലം കുമ്മനത്തിന്റെ കർമ്മഭൂമിയായിരുന്ന ശബരിമല ഉൾപ്പെട്ട പത്തനംതിട്ടയിൽ പാർട്ടിക്കും നല്ല വേരോട്ടമുണ്ട്. പത്തനംതിട്ടയിൽ കുമ്മനത്തിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാർട്ടി റിപ്പോർട്ട്. അതേസമയം ഈയിടെ പാർട്ടിയിലേക്ക് എത്തിയ പി.സി.ജോർജോ, മകൻ ഷോൺ ജോർജോ പത്തനംതിട്ടയിൽ എത്തുകയാണെങ്കിൽ കുമ്മനത്തെ കൊല്ലത്ത് പരിഗണിക്കും. പാർട്ടിയിലെത്തിയ അനിൽ ആന്റണിയെയും പത്തനംതിട്ടയിൽ പരിഗണിക്കുന്നുണ്ട്.

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളാണ് അനിൽ ആന്റണിയെ പരിഗണിക്കുന്ന മറ്റു മണ്ഡലങ്ങൾ. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രൻ ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. പ്രമുഖ വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാസുരേന്ദ്രനെ പാലക്കാട്ടും കോഴിക്കോട്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മികച്ച പ്രകടനമാണ് ശോഭ നടത്തിയത്. പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും കോഴിക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും പരിഗണനയിലുണ്ട്. വടകരയിൽ സജീവൻ തന്നെ മത്സരിച്ചേക്കും. കണ്ണൂരിൽ സി.രഘുനാഥിനെ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വയനാട് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വന്നശേഷമേ തീരുമാനമുണ്ടാകൂ. ഇക്കുറി ബി.ജെ.പി.സ്ഥാനാർത്ഥിയായിരിക്കും അവിടെ മത്സരിക്കുക.കാസർകോട്ട് രവീശതന്ത്രി തന്നെയാകും . വനിതാ സ്ഥാനാർത്ഥിയേയും പരിഗണിക്കുന്നുണ്ട്.

എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ പട്ടികയിലുണ്ട്. രാധാകൃഷ്ണനെ ആലപ്പുഴയിലേക്ക് നിയോഗിക്കാനുമിടയുണ്ട്. ആലത്തൂരിൽ പട്ടികമോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടായിരിക്കും സ്ഥാനാർത്ഥി. അനിൽ ആന്റണിയല്ലെങ്കിൽ ചാലക്കുടിയിൽ സംസ്ഥാന വക്താവ് ടി.പി.സിന്ധുമോളെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നുണ്ട്. അല്ലെങ്കിൽ എ.എൻ.രാധാകൃഷ്ണനായിരിക്കും അവിടെ മത്സരിക്കുക. ബി.ഡി.ജെ.എസ്.നേതാവും എൻ.ഡി.എ.കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. മത്സരിക്കുകയാണെങ്കിൽ കോട്ടയത്തായിരിക്കും.