സിനിമയിൽ അഭിനയിപ്പിക്കാം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി; നടൻ സന്തോഷിനെതിരെ പരാതിയുമായി യുവതി

Tuesday 20 February 2024 2:45 PM IST

ബംഗളൂരു: നടൻ സന്തോഷിനെതിരെ പീഡനപരാതിയുമായി യുവതി. സിനിമയിൽ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആരോപണം. ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.


ഇരുപത്തിയേഴുകാരിയാണ് പരാതി നൽകിയത്. തമിഴ്, കന്നട സിനികളിൽ സ്വഭാവ നടനായി ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്. പരാതിക്കാരി ബ്യൂട്ടീഷനാണ്. 2019ലാണ് സന്തോഷിനെ പരിചയപ്പെട്ടത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് കൂടുതൽ അടുത്തു.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. തന്റെ അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്.


മൂന്ന് വർഷത്തിന് ശേഷവും സിനിമയിൽ വേഷം ലഭിക്കാതായതോടെ നിരാശ തോന്നി. ഇതിനിടയിൽ മറ്റൊരു സ്ത്രീയെ സന്തോഷ് രഹസ്യമായി വിവാഹം ചെയ്തതും അറിഞ്ഞു. ഇതോടെ അയാളിൽ നിന്ന് അകലം പാലിച്ചു. എന്നാൽ ഈ മാസം പതിനാലിന് സന്തോഷ് തന്റെ വസതിയിലെത്തി തന്നെ കാണണമെന്ന് നിർബന്ധം പിടിച്ചു. കൂടാതെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.