പി.എഫ് പെൻഷൻ അട്ടിമറിക്കപ്പെടുന്നു

Wednesday 21 February 2024 12:24 AM IST

സുപ്രീംകോടതി ഉത്തരവ് ഏതെല്ലാം രീതിയിൽ അട്ടിമറിക്കപ്പെടാം എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഉയർന്ന പെൻഷൻ നൽകണമെന്ന ഇ.പി.എഫ് വിധി. ജോലിയിലിരിക്കെ പ്രതിമാസം ക‌ൃത്യമായ വിഹിതം അടച്ചിട്ടുപോലും ന്യായമായ പെൻഷൻ ലഭിക്കാൻ തൊഴിലാളികൾക്ക് വർഷങ്ങളോളം കേസ് നടത്തേണ്ടി വന്നു. വിവിധ സംസ്ഥാനങ്ങളിലെ ഹെെക്കോടതികളും സുപ്രീം കോടതിയും തൊഴിലാളികൾക്ക് അനുകൂലമായി വിധി നൽകിയിട്ടും അതിനെതിരെ പുനഃപരിശോധനാ ഹർജിയുമായി എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനെെസേഷൻ (ഇ.പി.എഫ്.ഒ) സുപ്രീം കോടതിയിൽ വീണ്ടും കേസ് നടത്തിയെങ്കിലും അതിലും വിജയിച്ചില്ല. എല്ലാ ഹർജികളും ഒന്നിച്ച് തീർപ്പാക്കിക്കൊണ്ട് 2022 നവംബർ നാലിന് സുപ്രീംകോടതി ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. വിധി വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല, എങ്ങനെ ഉയർന്ന പെൻഷൻ നൽകുന്നത് ഒഴിവാക്കാമെന്നതിൽ ഗവേഷണം തുടരുകയാണ് ഇ.പി.എഫ്.ഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും.

ഉയർന്ന പെൻഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടു നീങ്ങുന്നുണ്ടെങ്കിലും ഇത് എന്നു കിട്ടും, എത്ര കിട്ടും എന്നതു സംബന്ധിച്ച ആശങ്കയും അനിശ്ചിതത്വവും മാറിയിട്ടില്ല. ഉയർന്ന പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട്, തൊഴിൽദാതാക്കൾക്ക് ജീവനക്കാരുടെ ശമ്പളവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ മേയ് 31 വരെ‌ കേന്ദ്രം സമയം നീട്ടിനൽകിയിരിക്കുകയാണ്. മൂന്നാം തവണയാണ് സമയം നീട്ടുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ, പെൻഷൻ പേയ്മെന്റ് ഓർഡർ കൊടുത്തുതുടങ്ങിയിട്ടുമുണ്ട്. പി.പി.ഒ ലഭ്യമാകുന്ന ആശ്വാസത്തിനിടയിലും, ഉയർന്ന പെൻഷനിൽ കുറവു വരുമോ എന്ന ആശങ്കയാണ് പലർക്കുമുള്ളത്.

നിലവിലെ പ്രോ റേറ്റ വ്യവസ്ഥ പാലിച്ച് ഉയർന്ന പെൻഷൻ നിശ്ചയിക്കാൻ ഇ.പി.എഫ്.ഒ സോണൽ ഓഫീസുകൾക്ക് സർക്കുലർ അയച്ചിരിക്കുകയാണ്. പെൻഷൻ തുക 35 ശതമാനത്തോളും കുറയാൻ ഇതിടയാക്കും. എന്നാൽ ഈ രീതിയിൽ കണക്കുകൂട്ടിയതിന്റെ വിശദമായ രേഖ ഇ.പി.എഫ്.ഒ പുറത്തുവിട്ടിട്ടുമില്ല.സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവരുടെ അധിക വിഹിതം പിടിക്കാൻ ഡിമാന്റ് ലെറ്റർ അയച്ചിരിക്കുന്നത് പെൻഷൻ വിശദാംശങ്ങൾ ഇല്ലാതെയാണ്. അഞ്ചും ആറും ലക്ഷങ്ങൾ വീതം അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ എത്ര രൂപ പെൻഷൻ കിട്ടുമെന്നറിയാൻ പെൻഷൻകാർക്ക് അവകാശമുണ്ട്. ഇതാണ് ഇ.പി.എഫ്.ഒ മറച്ചുവയ്ക്കുന്നത്. തൊഴിലാളി ക്ഷേമത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സ്ഥാപനം കാലക്രമത്തിൽ എത്രമാത്രം തൊഴിലാളി വിരുദ്ധമാവുമെന്നതിന്റെ ഒരു ചിത്രം കൂടിയാണിത്.

ഉയർന്ന പെൻഷനുവേണ്ടി വർഷങ്ങളായി കാത്തിരുന്ന പലരും ഇതിനകം മരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവർ ഇനിയും കേസിനു പോയി കോടതി വരാന്തയിൽ നിൽക്കട്ടെ എന്ന മനോഭാവമാണ് ഇ.പി.എഫ്.ഒയെ ഭരിക്കുന്നതെന്ന് തോന്നുന്നു. വിരമിച്ചവരുടെയെങ്കിലും ഓപ്ഷൻ അപേക്ഷകൾ എത്രയുംവേഗം തീർപ്പാക്കി, പുതുക്കിയ പെൻഷൻ നൽകുന്നത് എന്നു പൂർത്തിയാക്കുമെന്നെങ്കിലും അറിയിക്കാൻ കേന്ദ്ര സർക്കാരിനും ബാദ്ധ്യതയുണ്ട്. സുപ്രീം കോടതി വിധിയുടെ അവ്യക്തതകൾ മുതലെടുത്ത് ഉയർന്ന പെൻഷൻ അട്ടിമറിക്കാനല്ല ശ്രമിക്കേണ്ടത്. മറിച്ച് ആ വിധിയുടെ ഉദ്ദേശ്യശുദ്ധി മാനിക്കുംവിധം അനുവദിച്ച പെൻഷനെങ്കിലും വെട്ടിക്കുറയ്ക്കാതെ നൽകാനുള്ള നടപടിയാണ് ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Advertisement
Advertisement