കോണ്‍ഗ്രസിനെ 'ഇന്ത്യ'യിലെ ആര്‍ക്കും വേണ്ടേ? സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് മറ്റൊരു പാര്‍ട്ടി കൂടി

Tuesday 20 February 2024 8:17 PM IST

ന്യൂഡല്‍ഹി: സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസുമായി സമാജ്‌വാദി പാര്‍ട്ടിയും തെറ്റിപ്പിരിയുന്നു. ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എസ്.പി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പാര്‍ട്ടികളും തമ്മില്‍ പുരോഗമിച്ചിരുന്ന സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബംഗാളില്‍ സഖ്യത്തിനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലും പങ്കെടുക്കില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.

എസ്.പിയും കോണ്‍ഗ്രസും തമ്മില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും കാര്യങ്ങള്‍ അനുകൂലസാഹചര്യത്തില്‍ മുന്നോട്ടുപോകുന്നുവെന്നുമാണ് ജയറാം രമേശ് പ്രതികരിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റുകളില്‍ 17 എണ്ണം കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ എസ്.പി സന്നദ്ധത അറിയിച്ചിരുന്നു.

കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇത് സാദ്ധ്യമല്ലെന്ന് അഖിലേഷ് യാദവും സംഘവും നേരത്തെ തന്നെ അറിയിച്ചിരുന്നു. എസ്.പിയുടെ സിറ്റിംഗ് സീറ്റുള്‍പ്പെടെയുള്ള മൂന്ന് സീറ്റുകള്‍ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സീറ്റ് വിഭജനത്തെ ആകെ തകിടം മറിച്ചത്.

സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനം അന്തിമമായാല്‍ മാത്രമേ അഖിലേഷ് യാദവ് രാഹുലിന്റെ യാത്രയില്‍ പങ്കെടുക്കുകയുള്ളൂവെന്ന് എസ്.പി നേതൃത്വം അറിയിച്ചിരുന്നു. എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്ന് സീറ്റുകളില്‍ കുടുങ്ങുകയായിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ അജയ് റായിക്ക് ബല്ലിയ സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.മൊറാദാബാദ്, ബിജ്‌നോര്‍ സീറ്റുകളിലും പാര്‍ട്ടി അവകാശവാദമുന്നയിച്ചിരുന്നു.മൊറാദാബാദ് സീറ്റ് ഇപ്പോഴും എസ്പിയുടെ കൈവശമാണ്. സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ ഈ സീറ്റുകളൊന്നും വിട്ടുനല്‍കാന്‍ എസ്പി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.