പൊലീസ് ക്വാർട്ടേഴ്‌സിലെ 13കാരിയുടെ മരണം,​ പെൺകുട്ടി തുടർച്ചയായി പീഡനത്തിനിരയായി,​ സി ബി ഐ അന്വേഷണത്തിന് ഉത്തരവ്

Tuesday 20 February 2024 9:09 PM IST

തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റിൽ അബോധാവസ്ഥയിൽ കാണപ്പെട്ട 13കാരിയുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. എട്ടു മാസമായിട്ടും പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാത്തതിനാലാണ് കേസ് സി.ബി.ഐയെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്നും സി.ബി.ഐയ്ക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ നിർദ്ദേശം നൽകി കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് കേസ് സി.ബി.ഐക്ക് വിടാൻ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി നടപടി.

2023 മാർച്ച് 29നാണ് പെൺകുട്ടിയെ പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റിൽ അബോധാവസ്ഥയിൽ കണ്ടത്. തിരുവനന്തപുരെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ ഒന്നിന് ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി മരിച്ചത്.

പൊലീസ് ക്വാർട്ടേഴ്‌സിൽ രക്ഷിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. മ്യൂസിയം പൊലീസ് എട്ടുമാസത്തോളം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.