ചേർത്തലയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭർത്താവും മരിച്ചു

Tuesday 20 February 2024 9:46 PM IST

ആലപ്പുഴ : ചേർത്തലയിൽ യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ ഭർത്താവ് ശ്യാം ജി ചന്ദ്രൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശ്യാം തീ കൊളുത്തി പൊള്ളലേറ്റ ഭാര്യ ആരതി (32)​ ഇന്നലെ മരിച്ചിരുന്നു.

ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 9.50ഓടെയായിരുന്നു ആരതിയെ ഭർത്താവ് ശ്യാം പെട്രോളൊഴിച്ച് കത്തിച്ചത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ആരതി ജോലി ചെയ്‌തിരുന്നത്. രാവിലെ സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞ് നിർത്തിയ ശ്യാം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരും മാസങ്ങളായി അകന്നുകഴിയുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. ശ്യാം പല തവണ ആരതിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.