കോവളം ഉണർന്നു; തീരത്ത് സഞ്ചാരികളുടെ ഒഴുക്ക്

Wednesday 21 February 2024 1:38 AM IST

കോവളം: വേനലവധിക്ക് മുൻപേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കുടുംബമായെത്തുന്നവരാണ് അധികവും. ഉച്ചകഴിയുന്നതോടെയാണ് തിരക്കേറുന്നത്.കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ ലൈഫ്ഗാർഡുകളും ഏറെ പണിപ്പെടുന്നുണ്ട്. വിദേശ സഞ്ചാരികൾക്ക് പുറമെ മലപ്പുറം,കോഴിക്കോട്,കണ്ണൂർ,പാലക്കാട് ജില്ലകളിലെ സഞ്ചാരികളാണ് അധികവും.

ചെറിയതോതിൽ ഉത്തരേന്ത്യൻ സഞ്ചാരികളുടെയും കർണാടക,തമിഴ്നാട് സ്വദേശികളുടെയും ഒഴുക്കുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണം ഫെബ്രുവരി ആദ്യവാരത്തോടെയാണ് വർദ്ധിച്ചത്.

രണ്ടുമാസത്തെ വേനലവധിയാണ് വരുന്നത്. ചെറുകിട കച്ചവടക്കാരുടെ പ്രധാന വരുമാനസ്രോതസ്സ് ഏപ്രിൽ,മേയ് മാസങ്ങളിലാണ്. കോവളം ബീച്ച് (ഗ്രോവ് ബീച്ച്),ഹൗവ്വാബീച്ച്,ലൈറ്റ്ഹൗസ് ബീച്ച്,സമുദ്രാബീച്ച് എന്നിവിടങ്ങളിലാണ് അധികമായി സഞ്ചാരികളെത്തുന്നത്.

ബീച്ചുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ കുട,കട്ടിൽ എന്നിവ വാടകയ്ക്ക് നൽകുന്നവരുടെ എണ്ണവും വർദ്ധിച്ചു.

സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ കോവളം തീരത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ ദിവസം സീറോക്ക് ബീച്ചിൽ പാർക്ക് ചെയ്തിരുന്ന ആഴാകുളം സ്വദേശി ശിവപ്രസാദിന്റെ യുണിക്കോൺ ബൈക്ക് മോഷണം പോയിരുന്നു.

Advertisement
Advertisement