മലപ്പുറത്തും പൊന്നാനിയിലും ലീഗിന് പുതിയ സ്ഥാനാര്‍ത്ഥികള്‍? പക്ഷേ മത്സരിക്കുന്നത് സമദാനിയും ഇ.ടിയും തന്നെ

Tuesday 20 February 2024 10:33 PM IST

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് മുസ്ലീം ലീഗ്. രണ്ട് മണ്ഡലങ്ങളും പരസ്പരം വച്ചുമാറാനാണ് നീക്കം.

അബ്ദുള്‍സമദ് സമദാനിയുടെ മലപ്പുറം സീറ്റ് ഇ.ടി. മുഹമ്മദ് ബഷീറിനു നല്‍കും. ഇ.ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഈ മാറ്റം. പകരം സമദാനി പൊന്നാനിയില്‍ മത്സരിക്കും. സീറ്റുകള്‍ വച്ചുമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷം പറയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ധാരണയായെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചത്. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലീഗിന് നല്‍കിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറത്ത് നിന്ന് മത്സരിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 2021ല്‍ അദ്ദേഹം മലപ്പുറം എം.പി സ്ഥാനം രാജിവച്ചൊഴിയുകയും വേങ്ങരയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയുമായിരുന്നു.