ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്​

Wednesday 21 February 2024 12:59 AM IST

ഗാസ : ഭക്ഷണവുമായി എത്തിയ ട്രക്കിന് മുന്നിൽ കാത്തിരുന്ന പാലസ്തീനികൾക്ക് നേരെ ഇസ്രായേൽ അധിനിവേശസേനയുടെ വെടിവെപ്പ്. വടക്കൻ ഗാസയിൽ നടന്ന സംഭവത്തിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ആളുകൾ ചിതറിയോടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഭക്ഷണത്തിനായി കാത്തിരുന്ന ജനക്കൂട്ടത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയിൽ വെടിയേറ്റ് നിലത്ത് തെറിച്ചുവീണയാളുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ പ്രദേശത്താണ് തിങ്കളാഴ്ച ക്രൂരത അ​​രങ്ങേറിയത്. കനത്ത വെടിയൊച്ച മുഴങ്ങുന്നതിനി​ടെ ഭക്ഷണത്തിന് കാത്തിരുന്നവർ തീരദേശ റോഡിലൂടെ ഓടിമാറുന്നത് വിഡിയോയിൽ കാണാം.

ഏതാനും ദിവസം മുമ്പും സമാനരീതിയിലുള്ള ആക്രമണം ഭക്ഷണ വിതരണ കേന്ദ്രത്തിൽ നടന്നിരുന്നു. യുദ്ധതെത തുടർന്ന് പ്രദേശത്തെ ഏകദേശം 2.3 ദശലക്ഷം ആളുകൾ ​കൊടുംപട്ടിണിയിൽ കഴിയുകയാണ്, ആ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആക്രമണം അഴിച്ചുവിടുന്നത്.

ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് നിരവധി യു.എൻ ഏജൻസികൾ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകയിരുന്നു. പാലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേൽ ആക്രമണത്തിൽ 29,092 പാലസ്തീനികളാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 69,028 പേർക്ക് ഇതിനകം പരിക്കേറ്റു.

ഹമാസ് തിരിച്ചടിയിൽ ഒരു സൈനികൻ കൂടി ​​കൊല്ലപ്പെട്ടു

ഗാസ : തെക്കൻ ഗാസയിൽ ഹമാസിന്റെ തിരിച്ചടിയിൽ പരി​ക്കേറ്റ എട്ട് സൈനികരിൽ ഒരാൾ കൂടി മരിച്ചു. പാരാട്രൂപ്പേഴ്സ് ബ്രിഗേഡ് രഹസ്യാന്വേഷണ വിഭാഗം ​സൈനികനായ സ്റ്റാഫ് സർജൻറ് മാവോസ് മോറെൽ (22) ആണ് ​കൊല്ലപ്പെട്ടത്.

ഫെബ്രുവരി 15ന് ഖാൻ യൂനിസിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മോറൽ അടക്കം എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ഇതോടെ ഗാസയിൽ കരയാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 236 ആയതായി ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു.

യു.എസ് നിലപാടിൽ മാറ്റം

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ ആവശ്യമുന്നയിച്ച് യു.എന്നിൽ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം നാളിതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ അമേരിക്ക, ഒടുവിൽ നിലപാടിൽ മാറ്റം വരുത്തുന്നു. ഉടൻ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തും റഫയിൽ ഇസ്രയേൽ ആക്രമണം നടത്തുന്നതിനെ എതിർത്തുകൊണ്ടും യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യങ്ങളിൽ റഫയിൽ വലിയ കരയാക്രമണം നടത്തരുതെന്ന് സുരക്ഷാ കൗൺസിൽ ഉറപ്പാക്കണ​മെന്നും യുഎസ് പ്രമേയത്തിൽ പറയുന്നു. ഗാസയിലെ 23ലക്ഷം പാലസ്തീനി ജനതയിൽ 14 ലക്ഷത്തിലധികം പേർ റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെ റമദാനിൽ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു.