കോടതിയിൽ വച്ച് സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം

Thursday 22 February 2024 1:23 PM IST

തിരുവനന്തപുരം: കോടതിയിൽ വിചാരണയ്ക്കെത്തിച്ച സഹതടവുകാരനെ കോടതി വളപ്പിൽ ബ്ളേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം. അഞ്ചുതെങ്ങ് റിക്‌സൺ വധക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന പ്രതി റോയിയെയാണ് മണ്ണന്തല രഞ്ജിത് വധക്കേസിലെ പ്രതി അമ്പലമുക്ക് കൃഷ്‌ണകുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാവിലെ 11ന് വഞ്ചിയൂർ നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വളപ്പിലാണ് സംഭവം.

ഇരുവരെയും പൂജപ്പുര ജയിലിൽ നിന്ന് ഒരു വാഹനത്തിലാണ് വിചാരണയ്‌ക്കെത്തിച്ചത്. ഈസമയം നെടുമങ്ങാട്ടും കഴക്കൂട്ടത്തും അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ വക്കീലന്മാരുടെ ഏകദിനം സമരം നടക്കുകയായിരുന്നു. തുടർന്ന് പ്രതികളെ വെളിയിലിറക്കാതെ വാഹനത്തി‌ൽ വിലങ്ങിട്ടിരുത്തി. എന്നാൽ വാഹനത്തിലിരുന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വാഹനത്തിൽ നിന്നിറക്കി കോടതി നടപടികൾ പൂർത്തിയാക്കിയശേഷം പ്രതികളെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുമ്പോഴാണ് കൃഷ്‌ണകുമാർ കൈയിലുണ്ടായിരുന്ന ബ്ളേഡ് കഷ്‌ണം ഉപയോഗിച്ച് റോയിയുടെ കഴുത്തിന്റെ ഇടതുഭാഗത്ത് മുറിവേല്പിച്ചത്.

ഇയാളുടെ അപ്രതീക്ഷിത ആക്രമണത്തിൽ പൊലീസും ഞെട്ടി. തുടർന്ന് പൊലീസുകാരെത്തി റോയിയെ ജനറൽ ആശുപത്രിയിലും കൃഷ്‌ണകുമാറിനെ വാഹനത്തിലും കയറ്റി. മുറിവ് ആഴമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം ഇയാളെയും ജയിലിലെത്തിച്ചു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവർ തമ്മിൽ ജയിലിൽ വച്ച് മുമ്പും സംഘർഷമുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ പൂജപ്പുര പൊലീസ് കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൊലപാതക ശ്രമം.

റോയിയെ പാർപ്പിച്ചിരുന്ന മുറിയിൽ നിന്ന് ജയിൽ ചാട്ടത്തിന് ഉപയോഗിക്കാൻ പാകമായ ചെറിയ കമ്പിക്കഷ്ണങ്ങൾ കണ്ടെത്തിയതിന് ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിന്റെ വിചാരണയ്‌ക്കാണ് റോയിയെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ കൊണ്ടുവന്നത്. അപ്രാണി കൃഷ്‌ണകുമാർ വധക്കേസിലും കണ്ണാടി ഷാജി വധക്കേസിലും ജീവപര്യന്തം കഠിനതടവിന് ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് അമ്പലംമുക്ക് കൃഷ്‌ണകുമാർ. പ്രതിയുടെ പക്കൽ ബ്ളേഡ് എത്തിയതിനെപ്പറ്റി ജയിൽ അധികൃതർ പ്രത്യേകം അന്വേഷിക്കും. ഇവരുടെ സെല്ലുകളിൽ ഇന്നലെ പരിശോധന നടത്തി.

Advertisement
Advertisement