കൊച്ചിയിലെ ഒരു വാടകവീട്ടിൽ സ്ഥിരമായി യുവാക്കൾ വന്നുപോകുന്നു, വിവരമറിഞ്ഞ് പരിശോധന നടത്തിയപ്പോൾ കണ്ടത്

Wednesday 21 February 2024 10:14 AM IST

കൊച്ചി: വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. വരാപ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എം പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടപ്പള്ളി സ്വദേശി നന്ദകുമാർ എന്നയാളെ പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളിൽ നിന്ന് 7.8 കിലോ ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ഇയാൾ താമസിക്കുന്ന വാടക വീട്ടിലേക്ക് യുവാക്കൾ സ്ഥിരമായി വന്നുപോകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

രാത്രികാലങ്ങളിലായിരുന്നു യുവാക്കൾ സ്ഥിരമായി കഞ്ചാവ് വാങ്ങാൻ എത്തുന്നത്. ആസാം സ്വദേശിയാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്ന് കരുതുന്നു. കഞ്ചാവ് തൂക്കി വിൽക്കുന്നതിന് ആവശ്യമായ ത്രാസും, കഞ്ചാവ് വിറ്റ് കിട്ടിയ 6500 രൂപയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി യു ഋഷികേശൻ, പ്രിവന്റീവ് ഓഫീസർമാരായ അനീഷ് ജോസഫ്, സി ജി ഷാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ് അനൂപ്, പി എസ് സമൽദേവ്, സി ജി അമൽദേവ്, ധന്യ എംഎ എന്നിവർ പരിശോധനയിഷൽ പങ്കെടുത്തു.


പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട

മലപ്പുറം: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിൻ എക്‌സൈസ് പിടിച്ചെടുത്തു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. മെത്താംഫിറ്റമിൻ കൊണ്ടുവന്ന പൊന്നാനി മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി സാബിർ എന്നിവരെ പൊന്നാനി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു.

കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ നൗഫൽ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവൻറ്റീവ് ഓഫീസർ പ്രമോദ് പി. പി, ഗിരീഷ് ടി, സിവിൽ എക്‌സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജ്യോതി, എക്‌സൈസ് ഡ്രൈവർ പ്രമോദ് എന്നിവർ ഉണ്ടായിരുന്നു.