അവാർഡ് നൽകുന്നതിനിടെ നയൻതാരയെ ചുംബിച്ച് ഷാരൂഖ് ഖാൻ, വീഡിയോ

Wednesday 21 February 2024 12:22 PM IST

തെന്നിന്ത്യൻ സിനിമാ ലോകത്തെ നായികമാരിൽ ഏറ്റവും വലിയ സൂപ്പർതാരം ആരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, നയൻതാര. ആ സൂപ്പർതാര പദവി എത്രയോ വർഷങ്ങളായി നയൻസ് നിലനിറുത്തുന്നുമുണ്ട്. ഷാരൂഖാനൊപ്പം ജവാനിൽ നായികയായി എത്തിയതോടെ ബോളിവുഡിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു നയൻതാര. കിംഗ് ഖാന്റെ നായിക എന്നതിലുപരിയായി ഇരുവരും തമ്മിൽ വളരെ വലിയ വ്യക്തിബന്ധം കൂടിയുണ്ട്. അതുകൊണ്ടുതന്നെയാണ് വിഘ്നേശ്- നയൻതാര വിവാഹത്തിന് ഷാരൂഖ് എത്തിയതും.

ഇപ്പോഴിതാ അവാർഡ് നൽകുന്നതിനിടെ നയൻതാരയെ ചുംബിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ചടങ്ങായിരുന്നു വേദി. മികച്ച നടിക്കുള്ള പുരസ്‌കാരം നയൻതാരയ‌്ക്ക് സമ്മാനിക്കുന്നതിനിടെയാണ് ഷാരൂഖ് ചുംബനം നൽകിയത്. വേദിയിലേക്ക് നയൻസിനെ കൈപിടിച്ച് ആനയിച്ചതും കിംഗ് ഖാൻ തന്നെയായിരുന്നു. മികച്ച നടനുള്ള അവാർഡ് ഷാരൂഖ് സ്വന്തമാക്കി.

2023ലെ ഏറ്റവും പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു അറ്റ്‌ലി സംവിധാനം ചെയ്‌ത ജവാൻ. 1100 കോടിയാണ് ആഗോളതലത്തിൽ സിനിമ കളക്‌ട് ചെയ‌്തത്. ടെസ്‌റ്റ്, മണ്ണാംകട്ടൈ സിൻസ് 1960 എന്നിവയാണ് നയൻതാരയുടെ റിലീസനൊരുങ്ങുന്ന ചിത്രങ്ങൾ.