ടി പി വധക്കേസ്; രണ്ട് സിപിഎം നേതാക്കൾ കീഴടങ്ങി, ഒരാൾ എത്തിയത് ആംബുലൻസിൽ

Wednesday 21 February 2024 4:00 PM IST

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിലെത്തി കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ആംബുലൻസിലാണ് ജ്യോതി ബാബു എത്തിയത്. ഈ മാസം 26ന് ശിക്ഷാവിധിയുടെ വാദത്തിന് ഇവർ ഉൾപ്പെടെ എല്ലാ പ്രതികളും ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും ഇന്ന് കോടതിയിൽ കീഴടങ്ങിയത്.

ടി പി ചന്ദ്രശേഖരൻ വധത്തിൽ കുറ്റക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട രണ്ടുപേരടക്കം എട്ടുപേർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് കുറ്റക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിൽ കൃഷ്ണന്റെ പങ്കാളിത്തം വിലയിരുത്തുന്നതിൽ ടി പിയുടെ ഭാര്യ കെ കെ രമയുടെ സാക്ഷിമൊഴി നിർണായകമായി. ഡയാലിസിസ് രോഗിയാണ് ജ്യോതി ബാബു എന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്‌ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവർക്കൊപ്പം സിപിഎം നേതാക്കളും ഉണ്ടായിരുന്നു.

12 പ്രതികൾ ശിക്ഷാവിധിക്കെതിരെ നൽകിയ അപ്പീലും പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ അപ്പീലും സിപിഎം നേതാവ് പി മോഹനനടക്കമുള്ളവരെ വെറുതേവിട്ടതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ നൽകിയ അപ്പീലും പരിഗണിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ വടകര വള്ളിക്കാട് വച്ച് അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.