നിർണായകം; ചെറു സംസ്ഥാനങ്ങൾ

Thursday 22 February 2024 12:32 AM IST

കുറച്ചു സീറ്റുകളുള്ള ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ഹരിയാന, ജമ്മുകാശ‌്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളും കൊച്ചു ഗോവയും ഓരോ സീറ്റുള്ള കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്‌സഭയിലെ മൊത്തം ലീഡിനെ നിർണയിക്കുന്നവയാണ്.


ഛത്തിസ്ഗഡിൽ

കോൺ- ബി.ജെ.പി

സംസ്ഥാന ഭരണം തിരിച്ചുപിടിച്ച ഛത്തിസ്ഗഡിൽ ബി.ജെ.പിക്ക് ഇക്കുറി അനുകൂല സാഹചര്യമാണ്. ഭരണമില്ലാതിരുന്നിട്ടും 2019-ൽ മികച്ച പ്രകടനമായിരുന്നു. അതിനാൽ 11 സീറ്റും തൂത്തുവാരാമെന്നാണ് പ്രതീക്ഷ. സംസ്ഥാന രൂപീകരണ ശേഷം 2004 മുതൽ 2014 വരെ 10 എംപിമാരെ ബി.ജെ.പി ജയിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണഞ്ഞ തോൽവിയുടെ ഞെട്ടൽ മറന്ന് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു,​ കോൺഗ്രസ്.

ഛത്തിസ്ഗഡിൽ

കക്ഷി നില

ആകെ സീറ്റ്: 11

2019: ബി.ജെ.പി 9, കോൺഗ്രസ് 2

കേസുകളുടെ

ജാർഖണ്ഡ്

മുൻ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചാ (ജെ.എം.എം) നേതാവുമായ ഹേമന്ദ് സോറനെതിരായ ഇ.ഡി അറസ്റ്റിന്റെ പശ്‌ചാത്തലത്തിലാണ് ജാർഖണ്ഡ് നിയമസഭാ -ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2019- ൽ നിയമസഭയിൽ പിന്നാക്കം പോയെങ്കിലും ലോക്‌സഭയിൽ ബി.ജെ.പി നേട്ടമുണ്ടാക്കി. 2009 മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആധിപത്യമുള്ള ബി.ജെ.പി എന്തു വില കൊടുത്തും സംസ്ഥാന ഭരണവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

ബി.ജെ.പി അഴിമതി വിഷയം ഉയർത്തുമ്പോൾ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി സഹതാപ തരംഗം നേടാനായിരിക്കും 'ഇന്ത്യ' മുന്നണിക്കു കീഴിൽ കോൺഗ്രസിനൊപ്പം സോറന്റെ ശ്രമം. മുന്നണി ആരോഗ്യത്തോടെ പ്രവർത്തിക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. സോറന്റെ അറസ്റ്റിനു ശേഷം എം.എൽ.എമാരെ ഹൈദരാബാദിലേക്കു മാറ്റിയത് കോൺഗ്രസിന്റെ സഹായത്തോടെയാണ്. ജെ.എം.എമ്മിൽ മുഖ്യമന്ത്രി ചമ്പൈ സോറനെ മുന്നിൽ നിർത്തി കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഹേമന്ദാണ്.

ജാർഖണ്ഡ്

കക്ഷി നില

ലോക്‌സഭ ആകെ: 14 സീറ്റ്

2019: ബി.ജെ.പി 11, എ.ജെ.എസ്.യു 1, ജെ.എം.എം 1, കോൺഗ്രസ് 1

2014: ബി.ജെ.പി 12, ജെ.എം.എം 2

നിയമസഭ

ആകെ: 81

2019: യു.പി.എ (ജെ.എം.എം 51, കോൺഗ്രസ് 18, ആർ.ജെ.ഡി 1, സി.പി.ഐ-എം.എൽ 1, എൻ.സി.പി 1),

 എൻ.ഡി.എ (ബി.ജെ.പി 26, എ.ജെ.എസ്.യു 2), സ്വതന്ത്രർ 2

ഹരിയാന

പോരാട്ടം

2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ബി.ജെ.പി മുൻതൂക്കം നേടിയ സംസ്ഥാനമാണ് ഡൽഹിയോട് ചേർന്നുകിടക്കുന്ന ഹരിയാന. 2014-ൽ സംസ്ഥാനത്ത 10 ലോക്‌സഭാ സീറ്റിൽ ഏഴിലും ജയിച്ച് മോദിയെ ഭരണത്തിലേറാൻ സഹായിച്ച ഹരിയാന,​ 2019-ൽ മുഴുവൻ സീറ്റിലും ആധിപത്യമുറപ്പിച്ചു. പക്ഷേ 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ 90-ൽ 40 സീറ്റ് നേടി അധികാരത്തുടർച്ചയുണ്ടായെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ സൂചനകൾ നൽകി 31 സീറ്റിൽ ജയിച്ചത് മുന്നറിയിപ്പാണ്. ദുഷ്യന്ത് ചൗത്താലയുടെ ജൻനായക് ജനതാ പാർട്ടിയുമൊത്താണ് ബി.ജെ.പി ഭരണം. കേന്ദ്ര സർക്കാരിന് തലവേദനയായ കർഷക പ്രക്ഷോഭങ്ങൾ ഹരിയാനയിലെ രാഷ്‌ട്രീയ സമവാക്യങ്ങളെയും സ്വാധീനിക്കുമെന്നതിനാൽ 2024-ൽ ബി.ജെ.പിക്ക് കരുതലോടെ നീങ്ങേണ്ടി വരും. ഭൂപേന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ പ്രതീക്ഷയോടെ കോൺഗ്രസ് മറുപക്ഷത്തുണ്ട്.

ഹരിയാന

കക്ഷി നില

ആകെ: 10

2019: ബി.ജെ.പി 10, 2014: ബി.ജെ.പി 7, ഐ.എൻ.എൽ.ഡി 2, കോൺഗ്രസ് 1

താഴ്‌വരയിലെ

പോരാട്ടം

പ്രത്യേക അധികാരങ്ങൾ റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായ ശേഷം ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ജമ്മു കാശ്‌മീരിന്റെ ഉള്ളിലിരിപ്പ് ആർക്കുമറിയില്ല. കേന്ദ്രഭരണ പ്രദേശമായി മാറിയ സംസ്ഥാനത്ത് മണ്ഡല പുനർനിർണയം പൂർത്തിയായതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിനും സാദ്ധ്യതയേറെ.

കാശ്‌മീരി പണ്ഡിറ്റുകളെ അടക്കം പിന്തുണച്ച് വേരു പടർത്തുന്ന ബി.ജെ.പിയും 'ഇന്ത്യ' മുന്നണിയുമാണ് ഗോദയിൽ. ഫറൂഖ് അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസും മെഹബൂബാ മുഫ്തിയുടെ പി.ഡി.പിയും 'ഇന്ത്യ' മുന്നണിക്കുള്ളിൽ കോൺഗ്രസുമായി ഒന്നിച്ചാൽ ബി.ജെ.പിക്ക് എളുപ്പമാകില്ല. ഒറ്റയ്‌ക്കു മത്സരിക്കാനുള്ള നാഷണൽ കോൺഫറൻസ് നീക്കം മുന്നണിക്ക് തിരിച്ചടിയാണ്. ജമ്മുകാശ്‌മീർ മുഖമായ ഗുലാം നബി ആസാദ് പോയെങ്കിലും ശക്തമായി തിരിച്ചുവരാനുള്ള കോൺഗ്രസ് ശ്രമങ്ങൾ തിരഞ്ഞെടുപ്പിനെ വ്യത്യസ്‌തമാക്കുന്നു.

ജമ്മു കാശ്മീർ

കക്ഷി നില

ആകെ: 6

2019: ബി.ജെ.പി 3, നാഷണൽ കോൺഫറൻസ് 3

ഉത്തരാഖണ്ഡിൽ

സിവിൽ കോഡ്

പുഷ്‌കർ സിംഗ് ധാമിയുടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഏക സിവിൽ കോഡ് നിയമത്തിന്റെ രാഷ്‌ട്രീയം ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണ് ഉത്തരാഖണ്ഡിൽ. 2009, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അഞ്ചു സീറ്റും തൂത്തുവാരിയ ബി.ജെ.പി അതു തുടരാനാകുമെന്ന പ്രതീക്ഷയിലാണ്. 2022 നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് തെറ്റു തിരുത്തി ബി.ജെ.പിയെ മറികടക്കാൻ കോൺഗ്രസിന് കഴിയുമോയെന്ന് കണ്ടറിയണം.

ഉത്തരാഖണ്ഡിൽ

കക്ഷി നില

ആകെ: 5

2019: ബി.ജെ.പി 5

ഹിമവാന്റെ

നാട്ടിൽ

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാലു സീറ്റും ജയിച്ച് നരേന്ദ്രമോദിക്ക് പിന്തുണ നൽകിയ ഹിമാചൽ പ്രദേശിൽ 2022 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ച കോൺഗ്രസ് എന്തു മാറ്റുമുണ്ടാക്കുമെന്നതാണ് കാണേണ്ടത്. സൈനിക സേവനത്തിന് മുൻതൂക്കം നൽകുന്ന ഹിമാചൽ പ്രദേശുകാർക്കിടയിൽ കേന്ദ്ര സർക്കാരിന്റെ അഗ്‌നിവീർ പദ്ധതിക്കെതിരെയുള്ള എതിർപ്പ് കോൺഗ്രസ് അനുകൂല വോട്ടായി മാറുമോയെന്ന് കണ്ടറിയാം.

ഹിമാചൽ

കക്ഷി നില

ആകെ: 4

2019- ബി.ജെ.പി 4

ഗോവയും

മറ്റിടങ്ങളും

2019- ലെ തിരഞ്ഞെടുപ്പിൽ ഗോവയിൽ രണ്ടു സീറ്റിൽ ബി.ജെ.പിയും കോൺഗ്രസും ഓരോന്ന് വീതിച്ചെടുത്തു. സംസ്ഥാന ഭരണത്തിന്റെ ആനുകൂല്യം ബി.ജെ.പിക്കുണ്ട്. ഡൽഹി ഒഴികെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒരോ സീറ്റ് ഫലങ്ങൾ ഇങ്ങനെ:

ആൻഡമാൻ: കോൺഗ്രസ്,

ചണ്ഡിഗഡ്: ബി.ജെ.പി

ദാദ്ര നാഗർ ഹവേലി: സ്വതന്ത്രൻ

ദാമൻ ദിയു: ബി.ജെ.പി

ലക്ഷദ്വീപ്: എൻ.സി.പി

പുതുച്ചേരി: കോൺഗ്രസ്

Advertisement
Advertisement