വിള കൊയ്യാൻ നിലമൊരുക്കി മുന്നണികൾ

Thursday 22 February 2024 1:43 AM IST

തിരഞ്ഞെടുപ്പ് അങ്കത്തിന് തീയതി കുറിച്ചില്ലെങ്കിലും ലോക്സഭയിൽ സീറ്റുറപ്പിക്കാൻ മുന്നണികൾ കച്ചകെട്ടി കളത്തിൽ ഇറങ്ങി കഴിഞ്ഞു. ജാഥകളും പദയാത്രകളും ചെറുയോഗങ്ങളും നടത്തി രാഷ്ട്രീയ പാർട്ടികൾ അതിവേഗം ബഹുദൂരം മുന്നിലെത്താനുള്ള പടപ്പുറപ്പാടിലാണ്. കോൺഗ്രസും ബി.ജെ.പിയുമാണ് ഇക്കാര്യത്തിൽ മുൻനിരയിൽ. സി.പി.എം പ്രചാരണങ്ങളുമായി രംഗത്തില്ലെങ്കിലും സർക്കാർ സംവിധാനങ്ങളെ വേണ്ടുംവിധം പ്രയോഗിച്ചുവരുന്നുണ്ട്.

നവകേരള സദസും തുടർച്ചയായി മുഖ്യമന്ത്രിയുമായുള്ള സംവാദവും സംസ്ഥാനത്ത് നടന്നു വരുന്നു. മുന്നണികളിലെ കക്ഷികളായ ചെറു പാർട്ടികളും അവരെ വലയം ചെയ്തു നിൽക്കുന്ന സാമുദായിക സംഘടനകളും തങ്ങളാൽ ആവുംവിധം സാന്നിദ്ധ്യവും ചായ്‌വും പ്രകടമാക്കാൻ വ്യത്യസ്തങ്ങളായ പരിപാടികളുമായും രംഗത്തുണ്ട്.

തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ആദ്യ തിരിതെളിച്ചത് കോൺഗ്രസാണ്. 'സമരാഗ്നി ' എന്ന പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ജനുവരി 21ന് കാസർകോട്ടുനിന്ന് ആരംഭിച്ച രാഷ്ട്രീയ പ്രചാരണ ജാഥ കേന്ദ്ര - കേരള സർക്കാരുകൾക്കെതിരായ സമര പ്രഖ്യാപന യാത്രയായിരുന്നെങ്കിലും ജാഥയുടെ അടിമുടി സ്വഭാവം തിരഞ്ഞെടുപ്പ് ലക്ഷ്യം

വച്ചുള്ളതായിരുന്നു. സംഘാടനം മുതൽ പ്രസംഗ വിഷയത്തിൽ വരെ തിരഞ്ഞെടുപ്പ് നിറം കലർന്നു. പല സിറ്റിംഗ് എം.പിമാർക്കും ഇളക്കമുണ്ടാവില്ലെന്ന് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതിനാൽ ജാഥാ സ്വീകരണ കേന്ദ്രങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യവേദിയായും പരിഗണിക്കപ്പെട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നേതാക്കൾ പ്രസംഗം തുടങ്ങിയതെങ്കിൽ എം.പി മണ്ഡലത്തിൽ നടത്തിയ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്താനായിരുന്നു കൂടുതൽ സമയവും വിനിയോഗിച്ചത്. ജാഥയുടെ ഭാഗമായി ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എന്ന പേരിൽ സംഘടിപ്പിച്ച സംവാദ വേദികളിലും സിറ്റിംഗ് എം.പിയും മണ്ഡലത്തിന് വേണ്ടി പാർലമെന്റിലെ ഇടപെടലും നിറഞ്ഞു നിന്നു. ബൂത്തുതലം മുതൽ ജില്ലാതലം വരെയുള്ള ഘടകങ്ങളെ ചലിപ്പിച്ചുകൊണ്ട് ബഹുജന പങ്കാളിത്തം ഉറപ്പുവരുത്താനും നേതൃത്വം ശ്രദ്ധിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന ചെയർമാനുമായ കെ.സുരേന്ദ്രൻ ജനുവരി 27ന് കാസർകോട് നിന്നാരംഭിച്ച കേരള പദയാത്രയുടെയും ലക്ഷ്യവും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. പത്ത് വർഷക്കാലം നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസന നേട്ടങ്ങൾ നിരത്തിയായിരുന്നു ജാഥ മലബാർ കടന്നത്. കേന്ദ്രസർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി ഫ്ലക്സ് ബോർഡ് നിരത്തിയ ഇടതു വലത് എം.പിമാരെയും മുന്നണികളെയും കണക്കിന് പരിഹസിക്കാനും സുരേന്ദ്രനും ബി.ജെ.പി നേതാക്കളും മറന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മോദി ഗ്യാരണ്ടിയായിരിക്കും കേരള ചർച്ച ചെയ്യുകയെന്ന് പ്രഖ്യാപിക്കുന്ന വേദികൾ കൂടിയായി സ്വീകരണ കേന്ദ്രങ്ങൾ. സ്നേഹ സംഗമം, നവാഗത സംഗമം എന്നീ പേരുകളിൽ സംഘിടിപ്പിച്ച പരിപാടികൾ എൻ.ഡി.എയ്ക്ക് പിന്തുണ ഉറപ്പിക്കാനുള്ള സംവാദവേദികൾ കൂടിയായി.

നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ വേദികൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് ഇടതു കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പുതന്നെയാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി കഴിഞ്ഞു. വിത്യസ്ത മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സസൂക്ഷ്മം കേൾക്കുന്ന മുഖ്യമന്ത്രി മറുപടി പ്രസംഗത്തിലുടനീളം കേരളത്തിൽ ഇടതുസർക്കാർ നടപ്പാക്കിയതും നടപ്പാക്കാൻ ഉദ്ദ്യേശിക്കുന്നതുമായ വികസന പദ്ധതികളാണ് പങ്കുവയ്ക്കുന്നത്. 2019ൽ കൈവിട്ടുപോയ 19 സീറ്റിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള സീറ്റെങ്കിലും ഇത്തവണ തിരിച്ചുപിടിക്കണമെന്ന ലക്ഷ്യം സംവാദങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ആദിവാസി, ദളിത് വിഭാഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ, ഭിന്നശേഷി വിഭാഗത്തിൽപെട്ടവർ, പെൻഷൻകാർ, വയോജനങ്ങൾ, തൊഴിൽ മേഖലയിൽ ഉള്ളവർ, കാർഷിക മേഖല, റസിഡൻസ് അസോസിയേഷനുകൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കി തിരിച്ചുള്ള സംവാദത്തിന് രാഷ്ട്രീയ ലക്ഷ്യം പ്രകടമാണ്. പല വിഷയങ്ങളിൽ ഭിന്നിച്ചു നിൽക്കുന്ന ചെറുപാർട്ടികളും സമുദായ സംഘടനകളും രണ്ടല്ല ഒന്നാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്.പൊതുയോഗങ്ങളും പ്രസ്താവനകളും വാർത്താ സമ്മേളനങ്ങളും

വേദിയാക്കിയാണ് ചാർച്ചയും ചങ്ങാത്തവും ഉറപ്പിക്കൽ. മുസ്ലിംലീഗുമായി പലഘട്ടത്തിലും ഇടഞ്ഞുനിന്ന സമസ്തയും ലീഗും ഒന്നാണെന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പാണക്കാട് ഖാസി ഫൗണ്ടേഷൻ പ്രഖ്യാപനം. സി.എം.പിയും ലീഗും കോൺഗ്രസിന് കരുത്തുപകരാൻ വേദികളിൽ സജീവമാകുമ്പോൾ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തേണ്ടതിനാൽ സി.പിഎമ്മുമായുള്ള ഒളിപ്പോര് താത്കാലം സി.പി.ഐ നിറുത്തി പോഷക സംഘടന സമ്മേളന വേദികൾ തിരഞ്ഞെടുപ്പ് സംവാദ വേദികളാക്കുകയാണ്.

Advertisement
Advertisement