ആത്മഹത്യക്ക് മുമ്പ് താനിയ വിളിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ, ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച് പൊലീസ്

Wednesday 21 February 2024 8:09 PM IST

സൂറത്ത്: മോഡല്‍ താനിയ സിംഗ് (28) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ്മയേയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

കേസ് അന്വേഷണം 23കാരനായ താരത്തിലേക്ക് നീങ്ങുന്നുവെന്നും പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താനിയയുടെ ഫോണ്‍ രേഖകള്‍ നേരത്തെ പൊലീസ് പരിശോധിച്ചിരുന്നു. കോള്‍ വിവരങ്ങളും ഒപ്പം മെസ്സേജ് വിവരങ്ങളും പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണം അഭിഷേക് ശര്‍മ്മയിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന.

സൂറത്ത് വെസു റോഡിലെ ഹാപ്പി എലഗന്‍സ് അപ്പാര്‍ട്മെന്റിലായിരുന്നു താനിയ താമസിച്ചിരുന്നത്. ഫാഷന്‍ ലോകത്ത് സജീവമായിരുന്ന താനിയയെ ചൊവ്വാഴ്ചയാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആത്മഹത്യയില്‍ അന്വേഷണം തുടങ്ങിയത്.

അഭിഷേകും താനിയയും അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരണത്തിന് മുമ്പ് താനിയ അവസാനമായി ബന്ധപ്പെട്ടത് അഭിഷേകിന്റെ മൊബൈലിലേക്കായിരുന്നു. ഫോണിലേക്ക് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നുവെങ്കിലും താരം മറുപടി നല്‍കിയിട്ടില്ല.

ഇരുപത്തിമൂന്നുകാരനായ അഭിഷേക്, സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കളിച്ചിട്ടുണ്ട്. 2022 സീസണില്‍ ഹൈദരാബാദിനായി 426 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞവര്‍ഷം 11 മത്സരങ്ങളില്‍നിന്നായി 226 റണ്‍സെടുത്തു. ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള യുവതാരം ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.