മോഹൻലാലും പൃഥ്വിരാജും ഒരേ ദിവസം, ബറോസിനൊപ്പം ആടുജീവിതവും

Thursday 22 February 2024 6:00 AM IST

ബറോസിനൊപ്പം ആടുജീവിതവും

മോഹൻലാലിന്റെ ബറോസിനൊപ്പം മാർച്ച് 28ന് പൃഥ്വിരാജിന്റെ ആടു ജീവിതവും പ്രേക്ഷകർക്ക് മുന്നിൽ. ഏപ്രിൽ 10 ന് ആയിരുന്നു ആടുജീവിതത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. രണ്ട് ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നതിനാൽ ആരാധകരെ ആവേശഭരിതരാക്കുന്നു. മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ബറോസ് എന്ന ചിത്രം നൽകുന്ന ഏറ്റവും വലിയ സവിശേഷത. മോഹൻലാൽ കാമറയ്ക്കും മുന്നിലും പിന്നിലും ഒരേപോലെ എത്തുന്നതിനാൽ ബറോസിനെ മലയാള സിനിമാ ഉറ്റുനോക്കുന്നുണ്ട്. ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്.ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ളസി സംവിധാനം ചെയ്യുന്ന ആടുജീവിതം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓസ്കാർ അവാർഡ്‌ ജേതാക്കളായ എ.ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകല്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത് സുനിൽ കെ എസ് ആണ്.അതേസമയം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ യു.എസ് ഷെഡ്യൂളിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ഫെബ്രുവരി 27 ന് ചിത്രീകരണം ആരംഭിക്കുന്ന എമ്പുരാന്റെ മൂന്നാമത്തെ ഷെഡ്യൂളിൽ മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ അഭിനയിക്കുന്നുണ്ട്.