വീട് നിർമ്മിക്കാമെന്ന് വാഗ്ദാനം നൽകി പട്ടികവർഗവിഭാഗക്കാരനെ പറ്റിച്ചു അന്വേഷണം കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കൽപ്പറ്റ :പ്ലാസ്റ്റിക് ഷെഡിൽ താമസിക്കുന്ന, സ്വന്തമായി വീടില്ലാത്ത പട്ടികവർഗ വിഭാഗത്തിലുള്ളയാൾക്ക് പട്ടികവർഗ വികസന വകുപ്പ് വീട് നിർമ്മിക്കുന്നതിനായി അനുവദിച്ച ധനസഹായത്തിന്റെ മൂന്നാം ഗഡുവായ 1,40,000 രൂപ കൈപ്പറ്റി അയൽവാസി കബളിപ്പിച്ചെന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി പരാതിക്കാരന് നീതി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
പരാതിക്കാരന്റെ വീടിന്റെ നിലവിലെ അവസ്ഥ പരിതാപകരമായതിനാൽ ഒരു പ്രത്യേക കേസായി പരിഗണിച്ച് വീട് പൂർത്തിയാക്കാൻ ഫണ്ട് അനുവദിക്കാനും കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സംയോജിത പട്ടികവർഗ പ്രോജക്ട് ഓഫീസർക്ക് നിർദ്ദേശം നൽകി. പട്ടികവർഗ വികസന വകുപ്പിന്റെ അംഗീകൃത കരാറുകാരുടെ സേവനം ലഭ്യമാക്കി പരാതിക്കാരന്റെ വീട് പണി പൂർത്തിയാക്കി നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംയോജിത പട്ടികവർഗ പ്രോജക്ട് ഓഫീസർ ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് വയനാട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡി.വൈ.എസ്.പി ക്കും കമ്മിഷൻ നിർദ്ദേശം നൽകി.
മനുഷ്യാവകാശ സംരക്ഷണ നിയമം 1993 അനുസരിച്ച് നടപടിയെടുക്കണമെന്നും 1,00,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പൊഴുതന അച്ചൂരാനം പന്നിയോറ കോളനിയിലെ ഗോപാലകൃഷ്ണൻ, കൽപ്പറ്റ ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതി കോടതി കമ്മിഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.