ഏഴ് പവന്റെ മാല ഉൾപ്പെടുന്ന ബാഗ് കാണാതായി: മൂന്ന് മണിക്കൂറിനകം കണ്ടെടുത്ത് റെയിൽവേ ജീവനക്കാർ

Wednesday 21 February 2024 9:56 PM IST

കാണാതായത് സഹോദരിക്ക് നാളെ നൽകേണ്ട വിവാഹസമ്മാനം

ആലുവ: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മൂന്നുദിവസത്തെ അവധിയെടുത്ത് ഗൾഫിൽ നിന്നെത്തിയ യുവാവിന്റെ ഏഴുപവന്റെ മാലയും പാസ്പോർട്ടും പണവും ഉൾപ്പെടുന്ന ഹാൻഡ് ബാഗ് ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് കാണാതായി. മൂന്ന് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ റെയിൽവേ ജീവനക്കാരൻ ബാഗ് കണ്ടെത്തി.

കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് സമീപം മദീന മൻസിലിൽ ഫൈസൽ അബ്ദുള്ളയാണ് (42) മൂന്ന് മണിക്കൂറോളം വിഷമസന്ധിയിലായത്.

ആലുവ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ അഞ്ചരമുതൽ എട്ടരവരെയാണ് ബാഗ് നഷ്ടപ്പെട്ട ഫൈസലിനൊപ്പം റെയിൽവേ ജീവനക്കാർ, പോർട്ടർമാർ, ടാക്സി ഡ്രൈവർമാർ, ആർ.പി.എഫ് എന്നിവർ തെരച്ചിൽ നടത്തിയത്. ഫൈസൽ സ്റ്റേഷനിലെ പല സ്ഥലങ്ങളിലും മാറിമാറി ഇരുന്നതിനാൽ എല്ലായിടത്തും തെരഞ്ഞു. റെയിൽവേ ജീവനക്കാരൻ മാമ്പ്ര സ്വദേശി അനീഷാണ് ഒടുവിൽ മൂന്നാംനമ്പർ പ്ളാറ്റ് ഫോമിൽനിന്ന് ബാഗ് കണ്ടെടുത്തത്.

ഫൈസലിന്റെ സഹോദരി ഖദീജയുടെ വിവാഹം നാളെയാണ്. ഇതിൽ പങ്കെടുക്കാൻ സൗദി അറേബ്യ വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ ഫൈസൽ അഞ്ചരയോടെ ടാക്സിയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തി. പോർട്ടറുടെ സഹായത്തോടെ ബലിയബാഗ് മൂന്നാംനമ്പർ പ്ളാറ്റ് ഫോമിൽ എത്തിച്ചു. സ്വർണവും പാസ്പോർട്ടും പണവും അടങ്ങിയ ബാഗ് ഫൈസലിന്റെ കൈവശം തന്നെയായിരുന്നു. പ്ലാറ്റ്ഫോമിൽവച്ച് ചായ കുടിക്കുന്ന നേരത്താണ് ബാഗ് കാണുന്നില്ലെന്ന് മനസിലായത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാവരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിൽ കണ്ണൂരിലേക്കുള്ള ഇന്റർസിറ്റിയും കടന്നുപോയി.

ഒടുവിൽ അനീഷ് കണ്ടെത്തി ആർ.പി.എഫിന് കൈമാറിയ ബാഗ് പിന്നീട് എ.എസ്.ഐ പി.തോമസ് ഡാൽവിയിൽനിന്ന് ഫൈസൽ ഏറ്റുവാങ്ങി. ബാഗിൽ 24ന് മടങ്ങുന്നതിനുള്ള ടിക്കറ്റും ഉണ്ടായിരുന്നു. 20 വർഷത്തോളമായി വിദേശത്ത് ജോലിചെയ്യുന്ന ഫൈസൽ അവധിക്കെത്തിയശേഷം ഒരുമാസം മുമ്പാണ് മടങ്ങിയത്. പാസ്പോർട്ട് നഷ്ടപ്പെട്ടിരുന്നെങ്കിൽ യഥാസമയം തിരിച്ചുപോകാൻ കഴിയാതെ ജോലി നഷ്ടപ്പെടുമായിരുന്നുവെന്ന് ഫൈസൽ പറഞ്ഞു. ബാഗ് കണ്ടെത്തിത്തന്ന എല്ലാവർക്കും നന്ദി പറഞ്ഞാണ് ഫൈസൽ നാട്ടിലേക്ക് ട്രെയിനിൽ മടങ്ങിയത്.

Advertisement
Advertisement