തമിഴ്നാട്ടിൽ സീറ്റിന് ഫീസ്: പാർട്ടികൾ സ്വരൂപിക്കുന്നത് കോടികൾ

Thursday 22 February 2024 12:53 AM IST

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് തേടിയെത്തുന്നവരിൽ നിന്ന് അപേക്ഷാഫീസ് ഇനത്തിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും സ്വരൂപിക്കുന്നത് കോടികൾ. ഡി.എം.കെ 50,000 രൂപവീതവും അപേക്ഷാഫോമിന് 2,000 രൂപയുമാണ് ഈടാക്കുന്നത്. അണ്ണാ ഡി.എം.കെ ജനറൽ സീറ്റിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നവരിൽ നിന്ന് 20,000 രൂപയും സംവരണമണ്ഡലങ്ങളിൽ 15,000 രൂപയുമാണ് ഈടാക്കുന്നത്.

തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാർട്ടിയുടെ സീറ്റുനില ഉറപ്പിക്കുന്നതിനു മുൻപാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേതാക്കന്മാരുമായുള്ള അഭിമുഖത്തിനു ശേഷമായിരിക്കും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കുന്നതിലൂടെ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടാനാകും.

അഭിമുഖത്തിൽ തിളങ്ങിയാൽ ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും ഭാവിയിൽ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലും അപേക്ഷ സ്വീകരിച്ചായിരുന്നു സീറ്റ് അനുവദിച്ചിരുന്നത്.

Advertisement
Advertisement