യു.പിയിൽ ധാരണ: കോൺഗ്രസിന് 17 സീറ്റ്
ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിൽ തർക്കങ്ങൾ പരിഹരിച്ച് ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുമായി കോൺഗ്രസ് സീറ്റ് ധാരണയിലെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 സീറ്റുകളിൽ സമാജ്‌വാദി 62 സീറ്റുകളിലും 17 ഇടത്ത് കോൺഗ്രസും മത്സരിക്കും. ഒരു സീറ്റ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിക്കാണ്. പ്രിയങ്കാഗാന്ധിയുടെ ഇടപെടലിൽ കോൺഗ്രസ് സംസ്ഥാനഘടകം 19 സീറ്റെന്ന ആവശ്യത്തിൽ വീട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് ധാരണയായത്. സീറ്റ് ചർച്ചകൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രിയങ്ക ഇടപെട്ടത്. സോണിയാഗാന്ധിയും രാഹുലും ചർച്ചകളുടെ ഭാഗമായി. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് യുക്തിരഹിതമാണെന്ന് സോണിയയും കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചു. സഖ്യ താത്‌പര്യം മുൻനിറുത്തിയാണ് വിട്ടുവീഴ‌്‌ചകൾക്ക് തയ്യാറായതെന്ന് യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ വ്യക്തമാക്കി.
2019ൽ സമാജ്‌വാദി പാർട്ടിയുടെ എസ്.ടി.ഹസൻ വിജയിച്ച മൊറാദാബാദ് വേണമെന്ന ആവശ്യം കോൺഗ്രസ് പിൻവലിച്ചു. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി കോൺഗ്രസിന് നൽകാമെന്ന് എസ്.പി സമ്മതിച്ചു. സീതാപൂർ, ഹത്രാസ് എന്നിവയും വച്ചു മാറും. ശ്രാവസ്തിക്ക് പകരമായി എസ്.പിക്ക് ബുലന്ദ്ഷഹറോ മഥുരയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടതോടെ സോണിയാഗാന്ധിയുടെ സിറ്റിംഗ് സീറ്റായ റായ്‌ബറേലിയിൽ പ്രിയങ്കാഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയേക്കും.
കോൺഗ്രസിന് നേട്ടം
'ഇന്ത്യ' മുന്നണിക്ക് ആശ്വാസം
ജോഡോ യാത്ര ഉത്തർപ്രദേശിൽ പര്യടനം നടത്തുന്നതിനിടെ സീറ്റ് ധാരണയുണ്ടാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് നേട്ടമാണ്. അഖിലേഷ് യാദവ് റായ്‌ബറേലിയിലെ യാത്രയിൽ അണിചേരുമെന്ന് സൂചനയുണ്ട്. ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബി.ജെ.പി സഖ്യത്തിൽ ചേർന്നതും പശ്‌ചിമ ബംഗാളിൽ തൃണമൂലും പഞ്ചാബിൽ ആംആദ്‌മി പാർട്ടിയും ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിച്ചതും തിരിച്ചടിയായ 'ഇന്ത്യ' മുന്നണിക്ക് ആശ്വാസം നൽകുന്നതാണ് യു.പിയിലെ സീറ്റ് ധാരണ.
ഡൽഹിയിൽ അനിശ്ചിതത്വം
ഡൽഹിയിൽ കോൺഗ്രസ്, ആംആദ്‌മി സീറ്റ് ചർച്ച തീരുമാനമാകാതെ നീളുകയാണ്
ഏഴ് സീറ്റിൽ ഒരെണ്ണം നൽകാമെന്ന് ആംആദ്‌മി പാർട്ടി. മൂന്നെണ്ണമെങ്കിലും വേണമെന്ന് കോൺഗ്രസ്
രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ