മറാഠാ സംവരണ ബിൽ: 24 മുതൽ പ്രക്ഷോഭം

Thursday 22 February 2024 12:17 AM IST

ന്യൂഡൽഹി: മറാഠാ സമുദായത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന ഓർഡിനൻസ് രണ്ടു ദിവസത്തിനുള്ളിൽ നടപ്പാക്കണമെന്നും ഇല്ലെങ്കിൽ 24 മുതൽ സമരം തുടങ്ങുമെന്നും മറാഠാ സംവരണ സമര നേതാവ് മനോജ് ജാരങ്കെ പാട്ടീൽ.

മഹാരാഷ്‌ട്രയിൽ വഴി തടയൽ സമരം നടത്തും. നിയമസഭ പാസാക്കിയ സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഉറപ്പുനൽകുന്ന ബിൽ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതല്ലെന്നും മനോജ് പാട്ടീൽ വ്യക്തമാക്കി. മറാഠാ സമുദായത്തെ കുൻമ്പി സമുദായത്തോടൊപ്പം ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നതാണ് ആവശ്യം.

ഓർഡിനൻസ് നടപ്പാക്കിയില്ലെങ്കിൽ ഗ്രാമങ്ങളിലുൾപ്പെടെ ഉപരോധം നടത്തും. എല്ലാ ദേശീയ-സംസ്ഥാന പാതകളും ഗ്രാമങ്ങളിലെ റോഡുകളും തടയും. സി.ബി.എസ്.ഇ പരീക്ഷയുള്ള കുട്ടികളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്ന് വരെയും വൈകുന്നേരം 4 മുതൽ ഏഴു വരെയുമായിരിക്കും ഉപരോധം. സർക്കാർ വാഹനങ്ങളും മറ്റും നശിപ്പിക്കരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ എം.പിമാരെയും എം.എൽ.എമാരെയും മന്ത്രിമാരെയും ഗ്രാമങ്ങൾ സന്ദർശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Advertisement
Advertisement