വൈസ് പ്രസിഡന്റ്: ഡിസാന്റിസും വിവേകും ട്രംപിന്റെ പരിഗണനയിലെന്ന് സൂചന

Thursday 22 February 2024 7:09 AM IST

വാഷിംഗ്ടൺ : ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​ ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവരെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിലാണ് ട്രംപ്. എതിരാളിയായ സൗത്ത് കാരലൈന മുൻ ഗവർണർ നിക്കി ഹേലിയെക്കാൾ മുന്നിലുള്ള ട്രംപ് തന്നെ പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. സൗത്ത് കാരലൈന സെനറ്റർ ടിം സ്കോട്ട്,​ ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗം തുൾസി ഗബ്ബാർഡ്,​ ഫ്ലോറിഡയിലെ ജനപ്രതിനിധി സഭാംഗം ബയേൺ ഡൊണാൾഡ്സ്,​ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം എന്നിവരാണ് ട്രംപിന്റെ പരിഗണനയിലുള്ള മറ്റുള്ളവർ. ഒരു പരിപാടിക്കിടെ അവതാരിക ഈ പേരുകൾ മുന്നോട്ടുവച്ചപ്പോൾ ഇവർ തന്റെ പരിഗണനയിലുണ്ടെന്ന് ട്രംപ് സൂചിപ്പിക്കുകയായിരുന്നു. ഇതിനിടെ, വേദിയിലുണ്ടായിരുന്ന ടിം സ്കോട്ടിന്റെ പേരെടുത്ത് പറഞ്ഞ ട്രംപ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. താൻ പ്രസിഡന്റായാൽ ആരെയാണ് വൈസ് പ്രസിഡന്റാക്കേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പേര് സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്നും ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഡിസാന്റിസും വിവേകും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷനായി മത്സരിച്ചിരുന്നെങ്കിലും പിന്മാറിയിരുന്നു.

Advertisement
Advertisement