പട്ടിണി ഭീതിയിൽ വടക്കൻ ഗാസ, യു.എൻ സഹായം നിലച്ചു  വെടിനിറുത്തൽ പ്രമേയം തടഞ്ഞ യു.എസിനെതിരെ വിമർശനം

Thursday 22 February 2024 7:09 AM IST

ടെൽ അവീവ്: യു.എന്നിന്റെ ലോകഭക്ഷ്യ പദ്ധതി വഴി വടക്കൻ ഗാസയ്ക്ക് നൽകിയിരുന്ന ഭക്ഷണ വിതരണം താത്കാലികമായി നിറുത്തിവച്ചു. മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷണം വിതരണം ചെയ്യാൻ വടക്കൻ ഗാസയിലേക്ക് സഞ്ചരിക്കുന്ന തങ്ങളുടെ അംഗങ്ങൾ വ്യാപക വെടിവയ്പും മോഷണവും നേരിടുന്നതായും ഇവരുടെ ജീവൻ അപകടത്തിലാകുന്നെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.

ഗാസയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് ഇത് വഴിതുറന്നേക്കുമെന്നാണ് ആശങ്ക. അതേ സമയം, സുരക്ഷ ഉറപ്പാക്കി ഭക്ഷ്യ വിതരണം തുടരാനുള്ള മാർഗങ്ങൾ യു.എൻ തേടുന്നുണ്ട്. വടക്കൻ ഗാസയിൽ ആറിലൊരു കുട്ടി കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായി യൂണിസെഫ് പറയുന്നു. ഇതുവരെ 29,300ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

ഇതിനിടെ, ഗാസയിൽ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെടുന്ന യു.എൻ പ്രമേയത്തിന് സുരക്ഷാ സമിതിയിൽ വീറ്റോ ചെയ്ത യു.എസിനെതിരെ വ്യാപക വിമർശനവുമായി ചൈനയടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി. അറബ് രാജ്യങ്ങളുടെ പിന്തുണയോടെ അൾജീരിയയാണ് പ്രമേയം കൊണ്ടുവന്നത്. 15 അംഗ സമിതിയിലെ 13 അംഗങ്ങളും അനുകൂലിച്ചു.

സ്ഥിരാംഗമായ യു.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗാസയിലെ താത്കാലിക വെടിനിറുത്തൽ ഹമാസ് ബന്ദികളാക്കിയവരുടെ മോചനവുമായി ബന്ധപ്പെട്ട് വേണമെന്നാണ് യു.എസിന്റെ ആവശ്യം. ഇത് മൂന്നാം തവണയാണ് അടിയന്തര വെടിനിറുത്തലിനുള്ള പ്രമേയം യു.എസ് തടയുന്നത്.

യു.എസിന്റെ നടപടി ലോകത്തിന് തെറ്റായ സന്ദേശം നൽകുന്നതും മനുഷ്യക്കുരുതിക്ക് പച്ചക്കൊടി വീശുന്നതുമാണെന്ന് ചൈന വിമർശിച്ചു. ഇസ്രയേൽ ആക്രമണത്തിന് മൗനാനുവാദം നൽകുന്നതാണ് യു.എസിന്റെ നീക്കമെന്ന് യു.എന്നിലെ പാലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പ്രതികരിച്ചു.

 മറുപടിയുമായി യു.എസ്

വിമർശനങ്ങൾക്കിടെ സ്വന്തം കരട് പ്രമേയം മുന്നോട്ടുവച്ച് യു.എസ്. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിൽ താത്കാലിക വെടിനിറുത്തലും തടസമില്ലാതെ മാനുഷിക സഹായ വിതരണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ പദ്ധതിയിടുന്ന കരയാക്രമണത്തെ പ്രമേയം എതിർക്കുന്നു. എന്നാൽ പ്രമേയത്തിന്റെ വോട്ടിന് തിരക്കുകൂട്ടില്ലെന്നും ചർച്ചകൾക്ക് സമയം നൽകുമെന്നുമാണ് യു.എസിന്റെ നിലപാട്.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ഒരു കരാറില്ലാതെ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെടുന്നത് ഗാസയിൽ ശാശ്വത സമാധാനം കൊണ്ടുവരില്ലെന്നും പകരം, അത് ഹമാസും ഇസ്രയേലും തമ്മിലെ പോരാട്ടം വർദ്ധിപ്പിക്കുമെന്നും യു.എസ് പ്രതിനിധി ലിൻഡ തോമസ് - ഗ്രീൻഫീൽസ് പറഞ്ഞു.

ഗാസ വിഷയത്തിൽ രണ്ടാം തവണയാണ് യു.എസ് പ്രമേയവുമായി രംഗത്തെത്തുന്നത്. ആദ്യ പ്രമേയം ഒക്ടോബർ അവസാനം വോട്ടിന് വച്ചെങ്കിലും റഷ്യയും ചൈനയും വീറ്റോ ചെയ്തു.

Advertisement
Advertisement