ശബരിമലയിലെ നാണയങ്ങൾ എണ്ണാൻ യന്ത്രത്തിന് പകരം ജീവനക്കാർ, കിട്ടുന്ന കോടികൾ ഇവരുടെ അലവൻസിനും ആനുകൂല്യങ്ങൾക്കും

Thursday 22 February 2024 11:04 AM IST

ശബരിമല: മണ്ഡല- മകരവിളക്ക് കാലത്ത് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാതെ ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്നത് 11.65 കോടിയുടെ നാണയം. 400 ദേവസ്വം ജീവനക്കാർ ചേർന്ന് കഴിഞ്ഞ 5ന് ആരംഭിച്ച നാണയമെണ്ണൽ ഇന്നലെ പുലർച്ചെയാണ് പൂർത്തിയായത്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ നാണയങ്ങളാണ് ഇനി എണ്ണാനുള്ളത്. ദേവസ്വം ബോർഡിന്റെ പഴയതും പുതിയതുമായ ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന നാണയങ്ങൾ മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലെ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് എണ്ണിയത്.

പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ദിലീപ് കുമാർ, ചങ്ങനാശേരി അസി. ദേവസ്വം കമ്മിഷണർമാരായ ഈശ്വരൻ നമ്പൂതിരി, എം.ജി. മധു, അഭിജിത്ത് എന്നിവർ അടക്കമുള്ള 14 ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്. മണ്ഡലകാലത്ത് നാണയം ഉൾപ്പെടാതെ ആകെ വരുമാനം 357.47 കോടിയായിരുന്നു.

യന്ത്രമില്ല, ചെലവാകുന്നത് കോടികൾ

നാണയങ്ങൾ എണ്ണാൻ ദേവസ്വം ബോർഡിന് യന്ത്രസംവിധാനമില്ല. 2017 വരെ ഉപയോഗിച്ചിരുന്ന യന്ത്രം പിന്നീട് തകരാറിലായി. നാണയമെണ്ണൽ നീളുന്നത് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. എണ്ണാനെത്തുന്ന ജീവനക്കാർക്ക് യാത്രാബത്തയും അലവൻസും നൽകണം. ഇവർക്ക് പകരം ക്ഷേത്രങ്ങളിൽ താത്കാലിക നിയമനം നടത്തണം. സ്പെഷ്യൽ ഡ്യൂട്ടിക്കെത്തുന്നവർക്ക് 435 മുതൽ 725 രൂപ വരെയാണ് ഒരു ദിവസം അലവൻസ്. 19 ദിവസത്തിൽ കൂടുതൽ ഡ്യൂട്ടി നോക്കിയാൽ ഗ്രേഡ് അനുസരിച്ച് 495 മുതൽ 825 രൂപ വരെ വർദ്ധിക്കും. ഇവർക്ക് ഭക്ഷണം, ചികിത്സാ സംവിധാനം എന്നിവയും വൈദ്യുതി ചാർജ്, നാണയം ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുമായിരുന്ന പലിശ ഉൾപ്പടെ ഏകദേശം രണ്ട് കോടിയിലധികം രൂപയാണ് ചെലവാകുന്നത്.