'സുബി..നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, വിദേശയാത്രയിലാണെന്ന് ഞാൻ വിചാരിച്ചോളാം'
അന്തരിച്ച നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ ഓർമ്മകൾ പങ്കുവച്ച് നടൻ ടിനി ടോം. സുബി സുരേഷ് ഓർമ്മയായിട്ട് ഒരു വർഷം തികയുന്ന വേളയിലാണ് ടിനി ടോം ഫേസ്ബുക്കിൽ വൈകാരികമായി കുറിപ്പ് പങ്കുവച്ചത്. സുബി, ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാമെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.
ടിനി ടോമിന്റെ വാക്കുകളിലേക്ക്
സുബി ...സഹോദരി ..നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു. definitely we will meet at that beautiful shore.
തനതായ ഹാസ്യശൈലികൊണ്ടു ശ്രദ്ധേയയായ സുബി സുരേഷിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കരൾ പൂർണമായി മാറ്റിവയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. അമ്മയുടെ സഹോദരി പുത്രിയെ ദാതാവായി കണ്ടെത്തുകയും ചെയ്തിരുന്നു. വിവാഹിതയാകാനുള്ള ഒരുക്കങ്ങൾക്കിടെയുള്ള സുബിയുടെ വിയോഗം പ്രിയപ്പെട്ടവരെ കണ്ണീരിലാഴ‌്‌ത്തി.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിൻ കലാഭവനിലൂടെയാണ് പ്രശസ്തയാകുന്നത്. സിനിമാല എന്ന കോമഡി ഷോയാണ് സുബിയുടെ കരിയർ മാറ്റിയത്. ടെലിവിഷൻ പരിപാടികളുടെ അവതാരകയായും സ്റ്റേജ് ഹാസ്യപരിപാടികളിൽ സാന്നിദ്ധ്യം അറിയിച്ചും സുബി ചിരി വിതറി. കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ കുട്ടികളുടെ പ്രിയങ്കരിയായി. സ്കൂളുകളിൽ പഠിക്കുമ്പോൾ നൃത്തത്തോടായിരുന്നു താത്പര്യം. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി പിന്നീട് കോമഡി ഷോയിലേക്ക് വഴിമാറി.
നിരവധി വിദേശ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചായിരുന്നു യാത്ര. നസീർ സംക്രാന്തി - സുബി സൂപ്പർഹിറ്റ് ടീം കോമഡി ഷോകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിര അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി ഇരുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ കോമഡി ഷോകളാണ് സുബിക്ക് വിലാസം തന്നത്.
വൻ സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു സുബി. എന്നാൽ രോഗവിവരം അധികം ആരോടും പങ്കുവച്ചില്ല. ചിരിപ്പിക്കുന്ന സുബിയെയാണ് എല്ലാവരും കണ്ടത്. അപ്രതീക്ഷിതമായി സുബിയുടെ വേർപാട് ഉറ്റവരെ കരയിച്ചു.