'ആത്മഹത്യയായിരുന്നെങ്കിൽ മൃതദേഹം പൊങ്ങാനുള്ള സമയമായില്ല, ശരീരത്തിൽ മേൽ വസ്ത്രങ്ങളില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി; പതിനേഴുകാരിയുടെ മരണം കൊലപാതകം?

Thursday 22 February 2024 12:53 PM IST

കൊണ്ടോട്ടി: എടവണ്ണപ്പാറയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ദൃക്‌സാക്ഷി. മൃതദേഹം കണ്ടെത്തുമ്പോൾ പതിനേഴുകാരിയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ അയൽവാസി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മുട്ടോളമുള്ള വെള്ളത്തിലായിരുന്നു പെൺകുട്ടി കിടന്നിരുന്നത്. മേൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. പെൺകുട്ടി ആത്മഹത്യ ചെയ്തതായിരുന്നുവെങ്കിൽ മൃതദേഹം പൊങ്ങാനുള്ള സമയമായിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു.

പെൺകുട്ടിയുടെ മരണത്തിൽ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലിയെ നേരത്തെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. എട്ടാം ക്ലാസുമുതൽ കരാട്ടെ പഠിക്കാൻ പോകുന്നുണ്ട്. സിദ്ധിഖ് പതിനേഴുകാരിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സ്‌കൂളിലെ കൗൺസലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പരാതി വാഴക്കാട് പൊലീസിന് കൈമാറി. പെൺകുട്ടി സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാൽ മൊഴിയെടുക്കൽ മാറ്റിവയ്‌ക്കുകയായിരുന്നു. ആരോപണ വിധേയനായ കരാട്ടെ അദ്ധ്യാപകൻ രണ്ട് പോക്‌സോ കേസുകളിൽ പ്രതിയാണ്.