വീട്ടിലെ വളർത്തുനായയ്ക്ക് ദൈവങ്ങളുടെ പേരിടുമോ? അക്‌ബർ, സീത എന്നിങ്ങനെ പേരിട്ടത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി

Thursday 22 February 2024 4:06 PM IST

കൊൽക്കത്ത: ബംഗാളിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ കൂടുതൽ നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി. സിംഹങ്ങൾക്ക് അക്‌ബർ, സീത എന്നീ പേരുകൾ നൽകിയത് ശരിയായ നടപടിയല്ലെന്ന് ഹർജിയിൽ വാദം കേൾക്കവേ കോടതി പറഞ്ഞു. പേര് മാറ്റി വിവാദം ഒഴിവാക്കാനാണ് സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, വിശ്വഹിന്ദു പരിഷത്തിന്റെ (വി എച്ച് പി) റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയെന്ന ആവശ്യം നിലനിൽക്കില്ലെന്നും പൊതുതാത്‌‌പര്യ ഹർജിയായി മാറ്റാനുമാണ് കോടതി നിർദേശം. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ ഹർജി സമർപ്പിക്കാനും കോടതി പറഞ്ഞു.

ബംഗാളിൽ അല്ലാതെതന്നെ ആവശ്യത്തിന് വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്ക് ഇത്തരത്തിൽ ദൈവങ്ങളുടെയും നൊബേൽ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ. വീട്ടിലെ വളർത്തുനായയ്ക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോയെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. സർക്കാർ അഭിഭാഷകന്റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണൻ എന്നിങ്ങനെയുള്ള പേരിടുമോ? സിംഹത്തിന് അക്‌‌ബർ എന്ന പേരിട്ടത് ശരിയല്ല. വേറെ എത്ര പേരുകൾ ഉണ്ടായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

അതേസമയം, സീത, അക്‌ബർ എന്നീ പേരുകൾ നൽകിയത് ത്രിപുര സർക്കാരാണെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പാർക്കിലെത്തുന്നതിന് മുൻപുതന്നെ സിംഹങ്ങൾക്ക് പേരുകൾ ഉണ്ടായിരുന്നുവെന്ന് ബംഗാൾ വനംവകുപ്പ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതിപ്രകാരമാണ് ബംഗാളിൽ എത്തിച്ചത്. ത്രിപുര പേര് നൽകിയപ്പോൾ മിണ്ടാതിരുന്ന വിശ്വഹിന്ദു പരിഷത്ത് ഇപ്പോൾ ഹർജിയുമായി വന്നിരിക്കുകയാണെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകമാണ് ഹർജി നൽകിയിരിക്കുന്നത്.

ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹർജി വലിയ വിവാദമാവുകയായിരുന്നു. കഴിഞ്ഞ 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിൽ വി എച്ച് പി ബംഗാൾ ഘടകത്തിന്റെ ഹ‌ർജി എത്തിയത്. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ ഇവിടെ എത്തിച്ചത്. ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ ഇവ‌ർക്ക് പേരുകൾ ഉണ്ടായിരുന്നെന്നും പാർക്കിൽ എത്തിച്ചാൽ പേരുകൾ മാറ്റാറില്ലെന്നുമായിരുന്നു ബംഗാൾ വനംവകുപ്പിന്റെ വിശദീകരണം.

Advertisement
Advertisement